തൊണ്ടിയിൽ വനിതാ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ്; വർഷം എട്ടായിട്ടും നിക്ഷേപകർ പെരുവഴിയിൽ തന്നെ
പേരാവൂർ: തൊണ്ടിയിൽ വനിതാ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ് നടന്നിട്ട് വർഷം എട്ടായിട്ടും നിക്ഷേപത്തുക പൂർണമായും തിരിച്ചു നല്കാതെ സമരസമിതി ഒളിച്ചുകളി തുടരുന്നു. ആയിരത്തോളം സാധാരണക്കാരായ നിക്ഷേപകരിൽ നിന്ന് ഒന്നരക്കോടിയോളം രൂപയാണ് സംഘത്തിലെ ചില ജീവനക്കാർ ചേർന്ന് തട്ടിയെടുത്തത്.
അവസാന ഘട്ടത്തിലുണ്ടായിരുന്ന സമരസമിതി നേതാക്കൾ പ്രസ്തുത തുകക്ക് പകരം വസ്തുവും പണവും തിരിച്ചു വാങ്ങിയെങ്കിലും നിക്ഷേപകർക്ക് 25 ശതമാനം മാത്രമാണ് നല്കിയത്.
ബാക്കി തുക വസ്തു വിറ്റ ശേഷം നിക്ഷേപകർക്ക് വീതിച്ച് നല്കാമെന്ന് പറഞ്ഞെങ്കിലും എട്ട് വർഷമായിട്ടും സമരസമിതി നേതാക്കൾ അലംഭാവം തുടരുകയാണ്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്ന നിക്ഷേപത്തട്ടിപ്പിനെതിരെ ഡി.വൈ.എഫ്.ഐ അന്ന് ശക്തമായി സമര രംഗത്തുണ്ടായിരുന്നു.
പിന്നീട് ഭരണം മാറിയപ്പോൾ സി.പി.എം മണത്തണ ലോക്കൽ കമ്മിറ്റി വിജിലൻസിന് നല്കിയ പരാതിയിന്മേലുള്ള അന്വേഷണവും അഞ്ച് വർഷമായി ഇഴയുകയാണ്. കോൺഗ്രസ് ഭരണസമിതി നടത്തിയ നിക്ഷേപത്തട്ടിപ്പിന് എൽ.ഡി.എഫ് സർക്കാർ ഭരിക്കുമ്പോഴെങ്കിലും പരിഹാരമാവുമെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെയും പാവപ്പെട്ട നിക്ഷേപകർ.
എല്ലാ പ്രതീക്ഷകളും അസ്തമിച്ച സാഹചര്യത്തിൽ വീണ്ടും സമര രംഗത്തേക്കിറങ്ങുമെന്ന സൂചനയാണ് നിക്ഷേപകർ നല്കുന്നത്.
