സുമനസുകളുടെ സഹായം കാത്ത് അഗതിമന്ദിരങ്ങളിലെ അന്തേവാസികൾ
പേരാവൂർ : ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളാപ്പാച്ചിൽ മൂന്ന് ജീവനുകൾ കവർന്നതിനു പിന്നാലെ മുന്നൂറോളം നിരാലംബർക്ക് തീരാ ദുരിതം കൂടി നല്കിയാണ് കുത്തിയൊലിച്ച് പോയത്. കാഞ്ഞിരപ്പുഴ കരകവിഞ്ഞതിനെത്തുടർന്നുണ്ടായ പ്രളയത്തിൽ തെറ്റുവഴിയിലെ കൃപാഭവന്റെയും മരിയാഭവന്റെയും സമൂഹ അടുക്കള പൂർണമായും നശിച്ചത് അന്തേവാസികളായ മുന്നൂറോളം അനാഥരുടെ അന്നം മുട്ടിക്കുന്ന അവസ്ഥയാണ് ബാക്കിയാക്കിയത്.
യന്ത്രസാമഗ്രികളടക്കം അടുക്കള നക്കിത്തുടച്ചാണ് മലവെള്ളം ഒഴുകിയത്. കെട്ടിടത്തിനടുത്തുള്ള തൊഴുത്തിലെ മൂന്ന് പശുക്കിടാങ്ങൾ ചാവുകയും ഒരു പശു ഒഴുകിപ്പോവുകയുമായിരുന്നു. അന്തേവാസികൾക്കുള്ള പാലിനായി വളർത്തിയ പശുവിനെയാണ് മലവെള്ളം കൊണ്ടുപോയത്. എല്ലാ വളർത്ത് മൃഗങ്ങളെയും വെള്ളം കൂടെ കൊണ്ടുപോയപ്പോൾ രണ്ട് പോത്തുകൾ മാത്രമാണ് ജീവൻ നിലനിർത്തി രക്ഷപ്പെട്ടത്.
അടുക്കളയിൽ ഇനി ഒന്നുമില്ല. എല്ലാം ആദ്യം മുതൽ സംഘടിപ്പിക്കണം. പാത്രങ്ങൾ, ഫ്രിഡ്ജ്, ഗ്രൈൻഡർ, ഗ്യാസ് കുറ്റികൾ, അടുപ്പുകൾ തുടങ്ങിയെല്ലാം സുമനസുകൾ നല്കിയാലേ മുന്നൂറോളംപേരെ പട്ടിണിക്കിടാതെ ഇവിടെ താമസിപ്പിക്കാൻ ട്രസ്റ്റിന് കഴിയൂ. നിലവിൽ പേരാവൂർ പഞ്ചായത്തും സന്നദ്ധ സംഘടനകളുമെത്തിക്കുന്ന ഭക്ഷണം കൊണ്ടാണ് ഇവർ ദിവസം തള്ളി നീക്കുന്നത്.
അടുക്കളയുണ്ടായിരുന്ന കെട്ടിടത്തിനും തൊട്ടടുത്ത് അന്തേവാസികൾക്കായി നിർമിക്കുന്ന കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇവ പുനർനിർമിക്കാൻ സാമ്പത്തിക സഹായവും ട്രസ്റ്റിനാവശ്യമാണ്. സുമനസുകളുടെ കനിവിലാണ് അന്തേവാസികളുടെ പ്രതീക്ഷകൾ.
ഭൂരിഭാഗം അന്തേവാസികളും രോഗികളാണ്. ഇവരെ ആസ്പത്രികളിൽ കൊണ്ടുപോകാൻ വാഹനങ്ങളുമില്ലാത്ത സ്ഥിതിയാണ്. ഉണ്ടായിരുന്ന ആമ്പുലൻസടക്കമുള്ള മൂന്ന് വാഹനങ്ങൾ മലവെള്ളപ്പാച്ചിലിൽ ഭാഗികമായി തകാരാറിലായി നശിച്ചു. അടിസ്ഥാന സൗകര്യങ്ങൾ പൂർവ സ്ഥിതിയിലാക്കാൻ മാസങ്ങൾ വേണ്ടിവന്നേക്കും.
