കണ്ണൂർ: ജില്ലയിലെ കണിച്ചാർ പൂളക്കുറ്റിയിലെ ഉരുൾപൊട്ടലിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയതായി തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. മരിച്ച താഴെ വെള്ളറ കോളനിയിലെ അരുവിക്കൽ രാജേഷിന്റെ ഭാര്യ കല്യാണിക്കും മക്കൾക്കും മന്ത്രി പൂളക്കുറ്റി സെന്റ് മേരീസ് ചർച്ചിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി നാല് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. മറ്റ് രണ്ടുപേരുടെ കുടുംബങ്ങൾക്ക് അക്കൗണ്ട് വഴിയാണ് തുക കൈമാറിയത്.
ഉരുൾപൊട്ടലുണ്ടായ കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, കോളയാട് പഞ്ചായത്തിലെ ചെക്യേരി പ്രദേശങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾ എന്നിവ സന്ദർശിച്ച ശേഷം നടന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഉരുൾപൊട്ടലിൽ രണ്ട് പ്രദേശത്തുമായി 175 കോടിയുടെ നാശ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകളെന്ന് മന്ത്രി പറഞ്ഞു. വിശദമായ കണക്കെടുപ്പ് വിവിധ വകുപ്പുകൾ നടത്തിവരുന്നു. പ്രദേശങ്ങളുടെ പുനരുജ്ജീവനത്തിന് ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യും. ഉരുൾപൊട്ടലിൽ അഞ്ച് വീടുകൾ പൂർണമായും തകർന്നു. 75 വീടുകൾക്ക് വലിയ നാശനഷ്ടം സംഭവിച്ചു. പൂർണമായും തകർന്ന വീടുകൾക്ക് പാക്കേജ് നടപ്പിലാക്കും. ഭാഗികമായി തകർന്ന വീടുകൾ പുനർനിർമിക്കാൻ സഹായം നൽകും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ ഉൾപ്പെടെ കെടുതികൾക്ക് ഇരയായവർക്ക് ഭക്ഷണവും മെഡിക്കൽ സൗകര്യവും എത്തിക്കാൻ എല്ലാ ഏർപ്പാടുകളും ചെയ്തിട്ടുണ്ട്.
ഉരുൾപൊട്ടലിൽ കൂറ്റൻ പാറക്കെട്ടുകൾ പതിച്ചും മണ്ണിടിഞ്ഞും തകർന്ന നിടുംപൊയിൽ-മാനന്തവാടി റോഡിൽ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. 28ാം മൈലിൽ മൂന്ന് കിലോ മീറ്ററോളം റോഡാണ് തകർന്നത്. റോഡുകളുടെ അരികുകളും ഇടിഞ്ഞിട്ടുണ്ട്. പാറക്കല്ലുകൾ നീക്കുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. നിരവധി ഗ്രാമീണ, പഞ്ചായത്ത് റോഡുകൾ, പാലങ്ങൾ എന്നിവ തകർന്നിട്ടുണ്ട്. വളരെ വേഗത്തിൽ അവ പുനഃസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കും. വൻ തോതിലാണ് കൃഷി നാശം. ഇതിന്റെ കണക്കെടുപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി നഷ്ടപരിഹാരം നൽകും.
കണിച്ചാർ പ്രദേശത്ത് അപകടകരമായ നിലയിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനം നിർത്തുന്നത്് സംബന്ധിച്ച് നിയമപരമായും ജനകീയമായുമുള്ള ഇടപെടലുകൾ നടത്തും. ജനജീവിതത്തിന് പ്രതികൂലമാകുന്ന ക്വാറികൾക്ക് ആലോചിച്ചു മാത്രമേ അനുമതി നൽകാവൂ എന്നും മന്ത്രി പറഞ്ഞു. പുഴയോരങ്ങൾ കൈയേറുന്നത് പരിശോധിച്ച് പഞ്ചായത്തുകൾ നടപടി സ്വീകരിക്കണം. എല്ലാവരും ഒറ്റക്കെട്ടായി ഒരു മനസ്സോടെ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന എല്ലാവർക്കും മന്ത്രി നന്ദി അറിയിച്ചു.
ഉരുൾപൊട്ടലിന് ഇടയാക്കിയ സാഹചര്യങ്ങൾ ശാസ്ത്രീയ പഠനവിധേയമാക്കണമെന്ന് കെ സുധാകരൻ എം പി പറഞ്ഞു. ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാറിന്റെ കൈകൾക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കും കൃഷിഭൂമി മാത്രം നഷ്ടപ്പെട്ടവർക്കും പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് സണ്ണി ജോസഫ് എം.എൽ.എ. പറഞ്ഞു. ദുരിതബാധിത മേഖലകളിൽ പകർച്ചവ്യാധികൾ ഉണ്ടാവാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ പറഞ്ഞു.
പൂളക്കുറ്റി സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ എം.എൽ.എ.മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, പൂളക്കുറ്റി സെന്റ് മേരീസ് ചർച്ച് വികാരി ഡോ. മാർട്ടിൻ വരിക്കാനിക്കൽ, , ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.