സ്കൂളുകളിൽ മൊബൈൽ ഫോൺ വിലക്കി സർക്കാർ

Share our post

തിരുവനന്തപുരം: സ്കൂളുകളിൽ കുട്ടികൾ മൊബൈൽഫോൺ ഉപയോഗിക്കുന്നതിന് കർശനവിലക്കുമായി സർക്കാർ. സ്കൂൾവളപ്പിലും ക്ലാസ്‌മുറിക്കുള്ളിലും കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നാണ് സർക്കാർതലത്തിലെ തീരുമാനമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്കൂൾകുട്ടികളെ അധ്യയനവേളയിൽ മറ്റു പരിപാടികൾക്ക് പങ്കെടുപ്പിക്കരുതെന്നും മന്ത്രി നിർദേശിച്ചു. പഠന, പഠനാനുബന്ധ പ്രവർത്തനങ്ങൾക്കല്ലാതെ മേലിൽ മറ്റൊരു പരിപാടികൾക്കും കുട്ടികളെ പങ്കെടുപ്പിക്കാൻ അനുമതി നൽകില്ല.

മൊബൈൽ ഉപയോഗം വിലക്കി നേരത്തേ സർക്കുലർ ഇറക്കിയിരുന്നു. കോവിഡിനെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾക്കും അധ്യാപകരുമായുള്ള ആശയവിനിമയത്തിനും മൊബൈൽ ഒഴിവാക്കാനാകാത്ത സാഹചര്യമുണ്ടായി. ഇപ്പോൾ അതിന്റെ ആവശ്യമില്ല. മൊബൈൽഫോൺ ഉപയോഗംകൊണ്ട് കുട്ടികൾക്ക് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുണ്ടാവുന്നുണ്ട്. ഇക്കാര്യത്തിൽ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ഖാദർ കമ്മിറ്റി ശുപാർശയനുസരിച്ചുള്ള സ്കൂൾ ഏകീകരണം നടപ്പാക്കാൻ ഈവർഷംതന്നെ നടപടികൾ പൂർത്തിയാക്കും. മൂന്നു ഡയറക്ടറേറ്റുകളും ഡി.ജി.ഇ.യുടെ പരിധിയിൽ വന്നുകഴിഞ്ഞു. പന്ത്രണ്ടാംക്ലാസുവരെയുള്ള സ്കൂളുകളുടെ മേധാവിയായി പ്രിൻസിപ്പലിനെയും പ്രധാനധ്യാപകരെ വൈസ് പ്രിൻസിപ്പലായും നിയമിച്ചു. ഇക്കാര്യങ്ങളിൽ കെ.ഇ. ആറിലും ഭേദഗതി വരുത്തി. ജോലിഭാരം കണക്കിലെടുത്ത് പ്രിൻസിപ്പലിന്റെ അധ്യയനം എട്ടുപിരീയഡാക്കി നിജപ്പെടുത്തി. ഏകോപനം പൂർണമാക്കാൻ സെപ്ഷ്യൽ റൂളടക്കമുള്ള നടപടികൾക്ക് കോർകമ്മിറ്റി രൂപവത്കരിച്ചതായും മന്ത്രി പറഞ്ഞു.

അക്ഷരമാല പാഠപുസ്തകങ്ങളിൽ

ഈ അധ്യയനവർഷത്തെ മലയാള പാഠപുസ്തകങ്ങളിൽ അക്ഷരമാല നൽകും. ഒന്നാംക്ലാസിലെ ഭാഗം മൂന്നിലും രണ്ടാംക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉൾപ്പെടുത്തും. ഇതുൾപ്പെടുത്തിയ പുസ്തകങ്ങൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളോടെ വിതരണംചെയ്യും. സ്കൂളുകളിൽ ജെൻഡർ യൂണിഫോം അടിച്ചേൽപ്പിക്കില്ല. അപേക്ഷിക്കുന്ന സ്കൂളുകളിൽ അടിസ്ഥാനസൗകര്യം ഉറപ്പാക്കി ആൺ-പെൺ പ്രവേശനം ഉറപ്പാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!