തിരുവനന്തപുരം: പെൻഷൻകാരെ നല്ലവഴിക്കു നടത്താൻ സർക്കാർ ഇടപെടുന്നു. സർക്കാർ പെൻഷകാർ ഗുരുതരമായ പെരുമാറ്റദൂഷ്യത്തിനു കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പെൻഷൻ തടഞ്ഞുവെക്കുകയോ പിൻവലിക്കുകയോ ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി കേരള സർവീസ് ചട്ടം ദേദഗതി ചെയ്തു. കെ.എസ്.ആർ. മൂന്നാംഭാഗത്തിൽ 2, 3, 59 എന്നീ ചട്ടങ്ങളാണ് ധനകാര്യവകുപ്പ് ജൂലായ് നാലിന്റെ ഉത്തരവിലൂടെ ഭേദഗതി വരുത്തിയത്.
സർവീസ്‌കാലത്ത് വരുത്തിയ സാമ്പത്തികനഷ്ടം പെൻഷനിൽനിന്ന് ഈടാക്കുന്നതിനുള്ള വ്യവസ്ഥകളും ഇതിലുൾപ്പെടുത്തി. ജീവനക്കാരുടെ ഗ്രാറ്റ്വിറ്റിയിൽ നിന്നാണ് സാമ്പത്തികനഷ്ടം സർക്കാർ ഈടാക്കിയിരുന്നത്. പെൻഷനിൽനിന്ന് നഷ്ടം ഈടാക്കാനുള്ള ശ്രമങ്ങൾ കുറ്റാരോപിതർ കോടതിയെ സമീപിച്ച് തടഞ്ഞിരുന്നു.
പെൻഷൻകാരുടെ പെരുമാറ്റദൂഷ്യം തടയാനുള്ള ചട്ടം രണ്ടിന്റെ ഭേദഗതിയിലുള്ള ഉത്തരവിലാണ് വിവാദ പരാമർശങ്ങളുള്ളത്. ഭാവിയിലുള്ള നല്ല പെരുമാറ്റം ഉറപ്പാക്കണമെന്ന വ്യവസ്ഥയിലാണ് പെൻഷൻ നൽകുന്നതെന്നും പെൻഷൻകാർക്കെതിരേ ഗുരുതരമായ പെരുമാറ്റദൂഷ്യം സ്ഥാപിക്കപ്പെടുമ്പോൾ സർക്കാരിന് പെൻഷനോ അല്ലെങ്കിൽ അതിന്റെ ഒരു ഭാഗമോ തടഞ്ഞുവെക്കുകയോ പിൻവലിക്കുകയോ ചെയ്യാവുന്നതാണെന്ന് ഉത്തരവിൽ പറയുന്നു.
പെൻഷനായശേഷമുള്ള പെരുമാറ്റമാണ് കണക്കിലെടുക്കുന്നത്. സർവീസിലിരിക്കുമ്പോൾ നടന്ന സംഭവത്തിന് ഈ ചട്ടം ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.
- പെൻഷനറെ കോടതി ശിക്ഷിക്കുകയോ ഗുരുതരമായി കുറ്റകൃത്യത്തിന് 30 ദിവസത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയോ ചെയ്താൽ ഈ വിവരം ജയിൽ സൂപ്രണ്ട്/ സ്റ്റേഷൻ ഹൗസ് ഓഫീസർ/ ജില്ലാതല നിയമ ഓഫീസർ എന്നിവർ ട്രഷറി ഡയറക്ടറെ അറിയിക്കണം.
- വിധിന്യായത്തിന്റെ പകർപ്പ്, പെൻഷനറുടെ വിശദവിവരം, കേസിന്റെ മറ്റു വിവരങ്ങൾ എന്നിവ സഹിതം വിശദമായ റിപ്പോർട്ട് ട്രഷറി ഡയറക്ടർ ധനകാര്യവകുപ്പിനെ അറിയിക്കണം.
- ധനകാര്യവകുപ്പ് കാരണംകാണിക്കൽ നോട്ടീസ് നൽകി പെൻഷനറുടെ വിശദീകരണം പരിഗണിച്ചശേഷം പബ്ലിക് സർവീസ് കമ്മിഷനുമായി കൂടിയാലോചിച്ച് ശിക്ഷാകാലയളവിലും പെൻഷൻ നൽകുന്ന വിഷയത്തിലും ഉത്തരവ് പുറപ്പെടുവിക്കണം.
വിരമിച്ചശേഷവും വകുപ്പുതല നടപടികൾ തുടരാം
- സർവീസിലിരിക്കുമ്പോൾ ആരംഭിച്ച വകുപ്പുതല നടപടികൾ വിരമിക്കുമ്പോഴും തീർപ്പാക്കിയില്ലെങ്കിൽ വിരമിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാം
- സർവീസിലിരിക്കുമ്പോൾ അച്ചടക്കനടപടി ആരംഭിച്ച അതേ അധികാര സ്ഥാനത്തിനുതന്നെ നടപടികൾ തുടരാം. എന്നാൽ, പെൻഷനിൽനിന്ന് തുക കുറവുചെയ്യുന്നതിനുള്ള അധികാരം സർക്കാരിനാണ്. ശിക്ഷയായി പെൻഷൻ ഭാഗികമായോ പൂർണമായോ താത്കാലികമായോ സ്ഥിരമായോ പിൻവലിക്കാം.
- വിരമിച്ച് ഒരുവർഷത്തിനുള്ളിൽ അച്ചടക്ക നടപടികൾ പൂർത്തിയാക്കണം.
- ഒന്നിലധികം വകുപ്പുതല അച്ചടക്കനടപടികൾ നേരിടുന്ന ജീവനക്കാരൻ വിരമിച്ചശേഷം എല്ലാനടപടികളും ഒരുമിച്ച് പരിഗണിച്ച് തീർപ്പുകല്പിക്കണം.
നാലുവർഷത്തിനുള്ളിൽ നടപടി ആരംഭിക്കാം
- വിരമിച്ചശേഷമാണ് സർവീസ് കാലത്ത് വരുത്തിയ കുറ്റകൃത്യം കണ്ടെത്തുന്നതെങ്കിൽ സംഭവം നടന്ന് നാലുവർഷം കഴിയരുത്. നാലുവർഷം കഴിഞ്ഞ കേസുകളിൽ നടപടിക്കായി സർക്കാരിന്റെ മുൻകൂർ അനുമതി തേടണം.
- അനധികൃത ഹാജരില്ലായ്മയിൽ തുടരുന്ന ജീവനക്കാരനെതിരേ അച്ചടക്കനടപടി സ്വീകരിച്ച് സർവീസിൽനിന്ന് നീക്കംചെയ്യണം.
- അച്ചടക്കനടപടിക്ക് വിധേയമാകാതെ പെൻഷൻ ആനുകൂല്യം നൽകണമെങ്കിൽ സർക്കാരിനുണ്ടാകുന്ന ബാധ്യത ഉത്തരവാദികളായ മേലുദ്യോഗസ്ഥരിൽനിന്ന് ഈടാക്കണം.