40,000 രൂപ മോഷ്ടിച്ചെന്ന് പറഞ്ഞ് റോഡിലിറങ്ങി കരച്ചില്‍; ഒടുവില്‍ പരാതിക്കാരന്‍ തന്നെ പ്രതിയായി

Share our post

ജോലിചെയ്യുന്ന സ്ഥാപനത്തിലെ വാഹനത്തില്‍നിന്ന് 40000 രൂപയും ബാഗും തട്ടിയെടുത്തെന്ന പരാതി അന്വേഷിച്ചപ്പോള്‍ വാദി പ്രതിയായി. കോഴിക്കോട് വേങ്ങേരി സ്വദേശിയായ അമര്‍നാഥ് എന്ന 19-കാരനാണ് 40000 രൂപയും ബാഗും തട്ടിയെടുത്തെന്ന് കാണിച്ച് കഴിഞ്ഞദിവസം ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കിയത്. ഒടുവില്‍ പോലീസ് അന്വേഷണം നടത്തിയപ്പോള്‍ ഇത് വ്യാജപരാതിയാണെന്നും പണം തട്ടിയെടുക്കാനായി അമര്‍നാഥ് തന്നെയാണ് സംഭവം ആസൂത്രണം ചെയ്തതെന്നും പോലീസ് കണ്ടെത്തുകയായിരുന്നു.

കോഴിക്കോട്ടെ ഒരു പുസ്തക കമ്പനിയിലെ കളക്ഷന്‍ ഏജന്റാണ് അമര്‍നാഥ്. തിങ്കളാഴ്ച രാത്രി സ്ഥാപനത്തിന്റെ വാഹനത്തില്‍ നന്മണ്ട പതിനാലേനാലില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി പുറത്തിറങ്ങിയെന്നും ആ സമയത്ത് വാഹനത്തില്‍ ഇരിക്കുകയായിരുന്ന തന്റെ കയ്യില്‍നിന്ന് ബാഗും പണവും തട്ടിയെടുത്തെന്നുമായിരുന്നു ഇയാളുടെ പരാതി. മോഷണം നടന്നെന്ന് പറഞ്ഞ് യുവാവ് റോഡിലിറങ്ങി കരഞ്ഞതോടെ ഡ്രൈവര്‍ ഓടിയെത്തി. ഡ്രൈവറോടാണ് അമര്‍നാഥ് ആദ്യം കാര്യം പറഞ്ഞത്. തുടര്‍ന്ന് അതുവഴി വന്ന ഹൈവേ പൊലീസിന്റെ വാഹനത്തിന് കൈ കാണിച്ച് ഇരുവരും വിവരം അറിയിച്ചു.

ഹൈവേ പോലീസിന്റെ നിര്‍ദ്ദേശപ്രകാരം അമര്‍നാഥ് ഡ്രൈവര്‍ക്കൊപ്പം ബാലുശ്ശേരി സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. എന്നാല്‍ ബാലുശ്ശേരി പോലീസ് സി.സി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതോടെ അമര്‍നാഥിനെ വീണ്ടും സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പണം തട്ടിയെടുക്കാനായി നടത്തിയ നാടകമായിരുന്നുവെന്ന് വ്യക്തമായത്. അമര്‍നാഥിന്റെ പേരില്‍ ബാലുശ്ശേരി പൊലീസ് കേസെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!