തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് ഈ മാസം അഞ്ചിന് ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. രണ്ടാംഘട്ട അലോട്ട്മെന്റ് 15 ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളില്‍ പ്രവേശനം നടക്കും. മൂന്നാം ഘട്ട അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിച്ച് 25 ന് പ്രവേശനം നടക്കും. പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഈ മാസം 25ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കും. സ്‌കൂളിലെ ഉച്ച ഭക്ഷണ പദ്ധതിയ്ക്കായി 126 കോടി സർക്കാർ അനുവദിച്ചു. കേന്ദ്രസര്‍ക്കാര്‍ 142 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്. 2022 – 23 അധ്യയന വർഷം അക്ഷരമാല പാഠപുസ്‌തകങ്ങളില്‍ ഉണ്ടാകും. ഹയർ സെക്കൻഡറി സ്‌കൂളുകൾ ഇനി പ്രിൻസിപ്പാളിന്റെ കീഴിലാവും. ഹെഡ്‌മാസ്റ്റർമാർ വൈസ് പ്രിൻസിപ്പാൾമാരാകും. സ്‌കൂള്‍ യുവജനോത്സവം 2023 ജനുവരി 3 മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കും. ശാസ്ത്രോൽസവം നവംബറിൽ എറണാകുളത്ത് നടക്കും. കായിക മേള നവംബറിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കും.
സംസ്ഥാനത്ത് 21 സ്‌കൂളുകൾ മിക്‌സഡാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ജെന്‍റര്‍ ന്യൂട്രാലിറ്റി എന്ന ആശയം സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പാഠപുസ്‌തകങ്ങളുടെ ജെന്‍റര്‍ ഓഡിറ്റിങ്ങ് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ജെന്‍റര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ ചില സ്‌കൂളുകളില്‍ സ്‌കൂള്‍ അധികാരികള്‍ തന്നെ സ്വമേധയാ നടപ്പിലാക്കുകയും പൊതുസമൂഹവും മാധ്യമങ്ങളും അതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും ചെയ്‌തിട്ടുമുണ്ട്. അത്തരം തീരുമാനം നടപ്പാക്കിയ സ്‌കൂളുകളില്‍ കുട്ടികള്‍ക്കോ, രക്ഷിതാക്കള്‍ക്കോ മറ്റു പരാതികള്‍ ഒന്നും തന്നെ ഇല്ല എന്നാണ് മനസ്സിലാകുന്നത്. എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേകമായ നിര്‍ബന്ധബുദ്ധി ഇല്ല. ഏതെങ്കിലും തരത്തിലുളള പ്രത്യേകമായ യൂണിഫോം കോഡ് അടിച്ചേല്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. പൊതുവെ സ്വീകാര്യമായതും കുട്ടികള്‍ക്ക് സൗകര്യപൂര്‍വ്വം ധരിക്കാവുന്നതുമായ യൂണിഫോം എന്നത് പൊതുസമൂഹത്തില്‍ അംഗീകരിക്കപ്പെട്ട ഒരു കാര്യമാണ്.
ക്ലാസുകളിലും ക്യാമ്പസിലും കുട്ടികൾ മൊബൈൽ ഉപയോഗിക്കരുത്. ഇതു സംബന്ധിച്ച് കോവിഡ് കാലത്ത് നൽകിയ ഇളവ് നീക്കിയിട്ടുണ്ട്. മൊബൈൽ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു. സ്‌കൂൾ കുട്ടികളെ ക്ലാസ് സമയത്ത് മറ്റ് പരിപാടികൾക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കണം. വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം ലോവര്‍ പ്രൈമറി സ്‌കൂളുകളില്‍ 200 ദിവസവും അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ 220 ദിവസവും അധ്യയനം നടക്കേണ്ടതാണ്. ഹൈസ്‌കൂളുകളിലും 220 ദിവസം അധ്യയനം നടക്കേണ്ടതുണ്ട്. എന്നാല്‍ സ്‌കൂളുകളില്‍ കുട്ടികളുടെ സാധാരണ അധ്യയന സമയം കവര്‍ന്നെടുക്കുന്ന തരത്തില്‍ മറ്റ് പരിപാടികളോ, പൊതു ചടങ്ങുകളോ നിരന്തരമായി സംഘടിപ്പിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുട്ടികളെ കാണികളാക്കി മാറ്റിക്കൊണ്ട് പല ചടങ്ങുകളും സ്‌കൂളിനകത്തും പുറത്തും സംഘടിപ്പിക്കപ്പെടുന്നുണ്ട്. കൂടാതെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്‍.ജി.ഒ.കള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്ന പല ചടങ്ങുകളും കുട്ടികളുടെ അധ്യയന സമയത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളും നിലവിലുണ്ട്. സ്‌കൂളില്‍ പഠന, പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റൊരു പരിപാടികള്‍ക്കും കുട്ടികളുടെ അധ്യയന സമയം കവര്‍ന്നെടുക്കുന്ന വിധത്തില്‍ അനുമതി നല്‍കുന്നതല്ല. അധ്യാപകരും, പി.ടി.എ ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അധ്യാപക/ അധ്യാപകേതര സംഘടനകളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. എന്നും മന്ത്രി പറഞ്ഞു.