നീറ്റ് യു.ജി. സ്‌കോർ വഴി ബി.എസ്.സി. നഴ്സിങ് പ്രവേശനം; പ്രതിവർഷ ട്യൂഷൻഫീസ് 250 രൂപ

ന്യൂഡൽഹി ലോക് നായക് ഹോസ്പിറ്റലിന്റെ കീഴിലുള്ള അഹില്യാ ഭായ് കോളേജ് ഓഫ് നഴ്സിങ്ങിൽ ബി.എസ്‌സി (ഓണേഴ്സ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. പ്രതിവർഷ ട്യൂഷൻഫീസ് 250 രൂപയാണ്.
യോഗ്യത: ഇംഗ്ലീഷ് (കോർ/ഇലക്ടീവ്), ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഓരോന്നും ജയിച്ച്, നാലിനുംകൂടി 50 ശതമാനം മാർക്കുവാങ്ങി സീനിയർ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ (പ്ലസ് ടു/തത്തുല്യം) ജയിച്ചിരിക്കണം. അപേക്ഷകർ മെഡിക്കലി ഫിറ്റ് ആയിരിക്കണം.
മൊത്തം സീറ്റ് 40. ഇതിൽ 85 ശതമാനം സീറ്റ് ഡൽഹി കേന്ദ്രഭരണ പ്രദേശത്തുനിന്നും പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്കായി സംവരണംചെയ്തിട്ടുണ്ട്. ബാക്കി 15 ശതമാനം സീറ്റുകൾ ഡൽഹിക്കു പുറത്തുനിന്നും യോഗ്യതാപരീക്ഷ ജയിച്ചവർക്കാണ്. നീറ്റ് യു.ജി. 2022 സ്കോർ പരിഗണിച്ച്, സ്ഥാപനം നേരിട്ട് പ്രവേശനം നൽകും. എം.സി.സി. കൗൺസലിങ്ങിൽ സ്ഥാപനം പങ്കെടുക്കുന്നതല്ല. നീറ്റ് യു.ജി. 2022 ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം അപേക്ഷകർ തങ്ങളുടെ നീറ്റ് യു.ജി. സ്കോർ അപ്‌ലോഡ് ചെയ്യണം. അപേക്ഷ www.abconduadmission.in/ വഴി ഓഗസ്റ്റ് ഒൻപതുവരെ നൽകാം. പ്രോസ്പെക്ടസ്/ബുള്ളറ്റിൻ ഓഫ് ഇൻഫർമേഷൻ ഇവിടെ ലഭിക്കും.