കർക്കടകവും പെരുമഴയും; കോഴിവില കുത്തനെ വീണു
കർക്കടകത്തിനൊപ്പം കനത്ത മഴയും കൂടിയായതോടെ ഇറച്ചിക്കോഴിവില കാര്യമായി കുറഞ്ഞു. തിങ്കളാഴ്ച സംസ്ഥാനത്ത് ചില്ലറവില 100-105 രൂപയായിരുന്നത് ചൊവ്വാഴ്ച 90-95 രൂപയായി താഴ്ന്നു. ചിലയിടങ്ങളിൽ ഇതിൽക്കുറഞ്ഞ വിലയിലും വിൽക്കുന്നുണ്ട്. യാത്രക്കൂലി, ലഭ്യത എന്നിവയനുസരിച്ചാണ് ഓരോസ്ഥലത്തും വിലനിർണയം.
കോഴി ഇറച്ചിപ്പരുവത്തിലെത്തിക്കുന്നതിന് 90 രൂപയോളം ചെലവുവരും. കർഷകന് കിട്ടുന്നത് 70 രൂപയാണ്. മുൻപ് 90 രൂപ വരെയുണ്ടായിരുന്നു. മഴ കനത്താൽ വരുംദിവസങ്ങളിലും താഴ്ന്നവില തുടരാനാണ് സാധ്യതയെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന ജനറൽസെക്രട്ടറി എസ്.കെ. നസീർ പറഞ്ഞു.
