ഫയര്‍ഫോഴ്സിന്‍റെ ‘മൾട്ടി യൂട്ടിലിറ്റി’ വാഹനങ്ങളെ ഹൈടെക് ആക്കി വിനോദ്

കണ്ണൂർ : അഗ്നിരക്ഷാസേനക്ക് അനുവദിച്ച ‘മൾട്ടിയൂട്ടിലിറ്റി വാഹനങ്ങൾ’ക്ക് ഹൈടെക് രൂപംനൽകി തളിപ്പറമ്പ് അഗ്നിരക്ഷാസേനയിലെ ഡ്രൈവർ എം.ജി.വിനോദ്‌കുമാർ.
മലയോര മേഖലയിലുള്ള അഗ്നിരക്ഷാസേനയ്ക്കാണ് മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾ അനുവദിച്ചത്. ഇടുങ്ങിയ വഴികളിലൂടെയും മലമ്പാതകളിലൂടെയും വനത്തിലൂടെയും സഞ്ചരിക്കുവാൻ കഴിയുന്ന വാഹനമാണിത്. കുറ്റിക്കോൽ, പെരിങ്ങോം, ഇരിട്ടി, തളിപ്പറമ്പ് സ്റ്റേഷനുകളിലാണ് ടാറ്റ കമ്പനിയുടെ യോദ്ധ വാഹനങ്ങൾ അനുവദിച്ചത്. ബോഡി പ്രത്യേകമായി രൂപകൽപ്പനചെയ്യാത്ത വാഹനങ്ങളാണ് അനുവദിച്ചത്. ഇതിനായി പതിനയ്യായിരം രൂപയാണ് സർക്കാർ അനുവദിച്ചത്.
എന്നാൽ വാഹനങ്ങളുടെ ബോഡി രൂപകൽപ്പന എം.ജി.വിനോദ്‌കുമാർ സ്വയം ഏറ്റെടുത്തു. നാല് വാഹനങ്ങളും മനോഹരമായി രൂപകൽപ്പനചെയ്യുകയും ബോഡി പണിയുകയും ചെയ്തതോടെ വാഹനം ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാൻ സജ്ജമായി. വെള്ളത്തിൽ അകപ്പെട്ടവരെ എടുക്കാനുള്ള ഉപകരണവും മരം വെട്ടിനീക്കാനുള്ള ഉപകരണവും തീ അണക്കാനുള്ള ഉപകരണവും എല്ലാം ഒരു വാഹനത്തിൽ ഒരുക്കി. വാഹനം മൂന്ന് ഭാഗത്തുനിന്നും തുറക്കുകയും ചെയ്യാം.
ഈ രംഗത്ത് മുൻ പരിചയമൊന്നുമില്ലാതെയാണ് എം.ജി.വിനോദ്‌കുമാർ ഈ ജോലികൾ ഭംഗിയായി ചെയ്തത്. ഒന്നര ലക്ഷം രൂപ ചെലവുവരുന്ന ജോലികൾ സ്വന്തമായി ചെയ്ത വിനോദ്‌കുമാറിന് സൽ സേവനത്തിന് പുരസ്കാരം നൽകുവാൻ വിവിധ സ്റ്റേഷൻ ഓഫീസുകൾ മേലധികാരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആലക്കോട് നെല്ലിപ്പാറ സ്വദേശിയാണിദ്ദേഹം.