അങ്കണവാടികളിൽ ഇന്ന് മുതൽ പാൽ, നാളെ മുട്ട

അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന പദ്ധതി തിങ്കളാഴ്ച ആരംഭിക്കും. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പാലും ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകും. ഒരു കുട്ടിക്ക് പ്രഭാതഭക്ഷണത്തോടൊപ്പം 125 മി. ലിറ്റർ പാലും ഒരു കോഴിമുട്ടയുമാണ് നൽകുക. കോഴിമുട്ട വീട്ടിലേക്ക് കൊടുത്തുവിടാതെ അങ്കണവാടിയിൽതന്നെ പാകംചെയ്ത് നൽകും.
പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച 12-ന് മുഖ്യമന്ത്രി നിർവഹിക്കും. അതിനുശേഷം അങ്കണവാടികളിൽ പാൽ വിതരണം ചെയ്യും.
പാലും മുട്ടയും വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ ചിലയിടങ്ങളിൽ ഇനിയും പൂർത്തിയായിട്ടില്ല. ഇത്തരം സ്ഥലങ്ങളിൽ താത്കാലിക ക്രമീകരണം നടത്തി പാലും മുട്ടയും പ്രദേശികമായി വാങ്ങി വിതരണം ചെയ്യാനാണ് നിർദേശം. ഒരു ലിറ്റർ പാൽ എത്തിച്ചുതരുന്നതിന് പരമാവധി 50 രൂപയും ഒരു മുട്ടയ്ക്ക് പരമാവധി ആറുരൂപയുമാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.