ഉദ്ഘാടനത്തിനൊരുങ്ങി കാട്ടാമ്പള്ളി കയാക്കിങ് പരിശീലന കേന്ദ്രം

Share our post

കണ്ണൂർ : ജലസാഹസിക ടൂറിസം ഭൂപടത്തിലേക്ക് ചുവടുവെച്ച് കണ്ണൂരിലെ കാട്ടാമ്പള്ളി. സംസ്ഥാന സർക്കാരിന്റെ ആദ്യ കയാക്കിങ് പരിശീലന കേന്ദ്രവുമായി കാട്ടാമ്പള്ളി വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുകയാണ്. പരിശീലന കേന്ദ്രം ആഗസ്റ്റ് പകുതിയോടെ തുറന്നു കൊടുക്കും. 1.80 കോടി രൂപ ചെലവിലാണ് കയാക്കിങ് പരിശീലന കേന്ദ്രം സജ്ജമാക്കിയത്. 

കെ.വി. സുമേഷ് എം.എൽ.എ.യുടെ മുൻകൈയിലാണ് ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ കാട്ടാമ്പള്ളിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ കയാക്കിങ് അക്കാദമി ഒരുങ്ങുന്നത്. ജലസാഹസിക വിനോദ മേഖലയിലെ പ്രമുഖ സ്ഥാപനമായ ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സുമായി ചേർന്നാണ് കാട്ടാമ്പള്ളി പുഴയുടെ സവിശേഷതകൾ ഉപയോഗപ്പെടുത്തി അക്കാദമി സ്ഥാപിച്ചത്. ബംഗളൂരു മിഡ് ടൗൺ ഇൻഫ്രയാണ് സജ്ജീകരണങ്ങൾ ഒരുക്കുന്നത്. വാട്ടർ ലെവൽ സൈക്കിൾ, പെഡൽ ബോട്ടുകൾ, വാട്ടർ ടാക്‌സി, കുട്ടികൾക്കുള്ള പെഡൽ ബോട്ട്, ഇംഫാറ്റിബിൾ ബോട്ടുകൾ ഉപയോഗിച്ചുള്ള റൈഡ് (മുകളിൽ നിന്നും താഴോട്ട് സഞ്ചരിക്കുന്ന റബ്ബർബോട്ടുകൾ) തുടങ്ങി 30 കയാക്കിങ് യൂണിറ്റുകളാണ് ഇവിടെയുണ്ടാകുക. പൂർണമായും വെള്ളത്തിൽ സജ്ജമാക്കിയ കയാക്കിങ് പാർക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കും. ചൈനയിൽ നിന്നുള്ള ബംബർ കാറാണ് ഇതിന് ഉപയോഗിച്ചത്. ഫ്ളോട്ടിങ് നടപ്പാതയും സജ്ജീകരിച്ചു. വിനോദ സഞ്ചാരികൾക്കായി ഭക്ഷണശാല, ദോശ കോർണർ, ജ്യൂസ് കോർണർ എന്നിവയും ഒരുക്കും.

ആദ്യ ഘട്ടത്തിൽ 80,80,172 രൂപ ചെലവിൽ 200 ചതുരശ്ര മീറ്ററിൽ ഇരുനില കെട്ടിടം നിർമിച്ചു. ഇവിടെ കയാക്ക് സ്റ്റോർ, ശുചിമുറി, അടുക്കള, കഫ്റ്റീരിയ, ഇൻഫാന്റിബിൽ ബോട്ടുകൾ എന്നിവയാണുള്ളത്. രണ്ടാം ഘട്ടത്തിൽ ചുറ്റുമതിൽ, സൗരവിളക്കുകൾ, ഇരിപ്പിടങ്ങൾ, ലാൻഡ്‌സ്‌കേപ്പിങ്, പാർക്കിങ് ഏരിയ, ഇന്റർലോക്കിങ്, ഫ്‌ളോട്ടിങ് ബോട്ട് ജെട്ടി എന്നിവ ഒരുക്കി. 99,72,069 രൂപയാണ് രണ്ടാഘട്ട പ്രവൃത്തിയുടെ നിർമാണ ചെലവ്. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സുമായി സഹകരിച്ച് കയാക്കിങ് സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, ലൈഫ് സേവിങ് ടെക്‌നിക് കോഴ്‌സ്, ഒളിമ്പിക് കയാക്ക് ട്രെയിനിങ് എന്നിവ ഒരു വർഷംകൊണ്ട് ആരംഭിക്കും. സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ പുഴയിൽ മൂന്നു പാളികളുള്ള വല വിരിച്ചിട്ടുണ്ട്. മാലിന്യ രഹിത രീതിയിലാകും സെന്ററിന്റെ പ്രവർത്തനം.

കണ്ണൂർ നഗരത്തിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതിനാൽ ഇവിടേക്ക് നിരവധി സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ. കാട്ടാമ്പള്ളി ടൂറിസം മേഖലക്ക് അക്കാദമി ഉണർവേകുമെന്ന് കെ.വി. സുമേഷ് എം.എൽ.എ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!