അങ്കണവാടി കുട്ടികൾക്കായി ‘പോഷക ബാല്യം’: ജില്ലാതല ഉദ്ഘാടനം

Share our post

കണ്ണൂർ: അങ്കണവാടി പ്രീ സ്‌കൂൾ കുട്ടികൾക്കായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പോഷക ബാല്യം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചിറക്കൽ പഞ്ചായത്ത് 22ാം വാർഡിലെ കല്ലടത്തോട് അങ്കണവാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ നിർവഹിച്ചു. ചിറക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രുതി അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് പി. അനിൽകുമാർ, വാർഡംഗം ടി.എം. സുരേന്ദ്രൻ, ജില്ലാ ശിശു വികസനഓഫീസർ ഡീന ഭരതൻ, ജില്ലാ റൂറൽ ശിശു വികസന പദ്ധതി ഓഫീസർ സി. ദിവ്യ എന്നിവർ പങ്കെടുത്തു.
അങ്കണവാടി കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്താനും, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാനുമായി ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നൽകുന്ന പദ്ധതിയാണ് ‘പോഷക ബാല്യം’. ആഗസ്റ്റ് ഒന്നു മുതൽ ജില്ലയിലെ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 2504 അങ്കണവാടികളിലും പദ്ധതി നടപ്പിലാക്കും. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പാലും ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയുമാണ് കുട്ടികൾക്ക് നൽക്കുക. ജില്ലയിൽ മൂന്ന് വയസ് മുതൽ ആറ് വയസ് വരെയുളള27475 പ്രീസ്‌കൂൾ കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
മിൽമ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകർഷകർ എന്നിവർ വഴി ഈ പദ്ധതിക്കാവശ്യമായ പാൽ അങ്കണവാടികളിൽ നേരിട്ട് എത്തിക്കും. ഈ സംവിധാനങ്ങൾ ഒന്നും ലഭ്യമല്ലാത്ത അങ്കണവാടികളിൽ മിൽമയുടെ യു.എച്ച്.ടി പാലും വിതരണം ചെയ്യും. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലയിൽ ആദ്യ ഘട്ടമെന്ന നിലയിൽ ആഗസ്റ്റ് മുതൽ ഡിസംബർ വരെ അഞ്ചു മാസത്തേക്ക് വനിതാ ശിശു വികസന വകുപ്പ് പാലിന് 67,48,750 രൂപയും മുട്ടയ്ക്ക് 65,02,800 രൂപയും അനുവദിച്ചിട്ടുണ്ട്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!