ഉറുമ്പിൻ മുട്ട ‘ മോഷ്ടിച്ച് ‘ ഭക്ഷണമാക്കുന്ന ഉറുമ്പിനെ കേരളത്തിൽ കണ്ടെത്തി
ശരീരത്തിന്റെ അടിവശത്ത് സഞ്ചിപോലൊരു മടക്ക്. ‘മോഷണ വസ്തു’ സൂക്ഷിക്കാനുള്ളതാണിത്. ആളൊരു ഉറുമ്പാണ്. മോഷ്ടിക്കുന്നത് മറ്റ് ഉറുമ്പുകളുടെ മുട്ടകൾ. വിചിത്രമായ ഇരതേടൽ ശൈലിയുള്ള ഉറുമ്പിനെ കേരളത്തിലും ശാസ്ത്രജ്ഞർ കണ്ടെത്തി.
പ്രോസെറാറ്റിയം ഗിബ്ബോസം എന്ന ഇനത്തിലുള്ള ഉറുമ്പിനെ തെക്കേ ഇന്ത്യയിൽ ആദ്യമായി പെരിയാർ കടുവസംരക്ഷണകേന്ദ്രത്തിലെ വള്ളക്കടവിൽ നിന്നാണ് കിട്ടിയത്. തവിട്ടു നിറത്തിലുള്ള ഈ ഉറുമ്പിനെ മുമ്പ് മേഘാലയ, യു.പി., ബംഗാൾ എന്നിവിടങ്ങളിലാണ് കണ്ടിട്ടുള്ളത്. മണ്ണിൽ കൂടുവയ്ക്കുന്ന ചിലന്തികളുടെ മുട്ടകളും ഈ ഉറുമ്പുകൾ സഞ്ചിയിലാക്കി ഒളിച്ചു കടത്തും. നിത്യഹരിതവനത്തിലെ ദ്രവിച്ച കരിയിലകൾക്കടിയിലാണ് ഇവയുടെ താമസം. എന്തെങ്കിലും ആപത്തു സൂചനയുണ്ടായാൽ മണ്ണിൽ പതിഞ്ഞിരിക്കുകയാണ് പതിവ്. ആപത്ത് ഒഴിഞ്ഞുപോയി എന്ന് ബോധ്യപ്പെട്ടാൽ വീണ്ടും കർമനിരതനാകും.
ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഉറുമ്പിനെ തിരിച്ചറിഞ്ഞത്. ഗവേഷകരായ ഡോ. കലേഷ് സദാശിവനും മനോജ് കൃപകാരനുമാണ് പഠനം നടത്തിയത്. മറ്റ് രണ്ട് ഉറുമ്പുകളെയും ഗവേഷകർ പശ്ചിമഘട്ടത്തിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം പേപ്പറ വന്യജീവി സങ്കേതത്തിലെ ബോണക്കാട്നിന്ന് കിട്ടിയ വോളൻഹോവിയ കേരളൻസിസ് എന്നയിനം ഉറുമ്പ് വീണുകിടക്കുന്ന മരങ്ങളുടെ വിടവുകളിലാണ് താമസം. മരങ്ങളിലെ ഇടുങ്ങിയ വിടവുകൾക്കുള്ളിൽ കൂടി സഞ്ചരിക്കുന്നതിന് സഹായകരമായ രീതിയിലാണ് ശരീരഘടന. ചെറു പുഴുക്കളും ചെറു ജീവികളും ആണ് പ്രധാന ആഹാരം. വടക്കുകിഴക്കൻ ഇന്ത്യയിൽ മുമ്പ് ഇതിനെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സാസ്ഫിൻക്ടസ് സഹ്യാദ്രിയൻസിസ് എന്ന മൂന്നാമത്തെയിനത്തെ ഇന്ത്യയിൽ ആദ്യമായിട്ടാണ് കണ്ടെത്തുന്നത്. പേപ്പറ വന്യജീവി സങ്കേതത്തിലെതന്നെ പൊന്മുടിമലയിലാണ് ഇവയെ കണ്ടെത്തിയത്. മണ്ണിനടിയിൽ താമസിക്കുന്ന ഈ ഉറുമ്പുകൾ സ്വയം നിർമിക്കുന്ന തുരങ്കങ്ങളിലൂടെയാണ് സഞ്ചാരം. മറ്റു ഉറുമ്പുകളുടെ ലാർവകളാണ് ഇവയുടെ പ്രധാന ഭക്ഷണം. ആഫ്രിക്ക, ഓസ്‌ട്രേലിയ ഭൂഖണ്ഡങ്ങളിൽ ഇവയുടെ വർഗക്കാരുണ്ട്. മൂന്ന് ഉറുമ്പുകളും കടിക്കുന്ന വിഭാഗത്തിലുള്ളവയല്ല.
