വിസയും ടിക്കറ്റും സൗജന്യം, ഖത്തറില്‍ യുവാവ് മയക്കുമരുന്ന് കേസില്‍ കുടുങ്ങി; മൂന്നുപേര്‍ പിടിയില്‍

വരാപ്പുഴ: ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോയ യുവാവ് മയക്കുമരുന്ന് കേസില്‍ പിടിയിലായ സംഭവത്തില്‍ മൂന്നുപേരെ വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. എടത്തല എന്‍.എ.ഡി. കൈപ്പിള്ളി വീട്ടില്‍ നിയാസ് (33), കോതമംഗലം ഇരമല്ലൂര്‍ നെല്ലിക്കുഴി നാലകത്ത് വീട്ടില്‍ ആഷിഖ് (25), കോട്ടയം വൈക്കം അയ്യര്‍കുളങ്ങര കണ്ണംകുളത്തുവീട്ടില്‍ രതീഷ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വരാപ്പുഴ ചിറയ്ക്കകം സ്വദേശി യശ്വന്താണ് മയക്കുമരുന്ന് സംഘത്തിന്റെ ചതിയില്‍പ്പെട്ട് ഖത്തറില്‍ ജയിലിലായത്. ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ഖത്തറില്‍ തൊഴിലവസരങ്ങള്‍ ഉണ്ടെന്നു പറഞ്ഞാണ് സംഘം യശ്വന്തിനെ കൊണ്ടുപോയത്. വിസയും ടിക്കറ്റും സൗജന്യമായിരുന്നു. ദുബായില്‍വെച്ച് യശ്വന്തിന് ഖത്തറില്‍ കൈമാറാനെന്ന് പറഞ്ഞ് ഒരു പൊതി നല്‍കി. ഇത് മയക്കുമരുന്നാണെന്ന് യശ്വന്ത് തിരിച്ചറിഞ്ഞിരുന്നില്ല. ഖത്തറിലെത്തിയ യശ്വന്തിനെ പരിശോധനയ്ക്കിടെ പോലീസ് പിടികൂടി ജയിലിലടച്ചു.
ഇതുസംബന്ധിച്ച് യശ്വന്തിന്റെ അമ്മ എറണാകുളം റൂറല്‍ പോലീസ് മേധാവി വിവേക് കുമാറിന് നല്‍കിയ പരാതിയില്‍ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. സമാനമായ രീതിയില്‍ ഷമീര്‍ എന്ന ഉദ്യോഗാര്‍ഥിയും ഖത്തറില്‍ പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായവര്‍ മറ്റ് പലരെയും ചതിയിലൂടെ കയറ്റി അയച്ചതായി സംശയിക്കുന്നുണ്ട്. ഇവര്‍ക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായും മനുഷ്യകടത്തുമായും ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.