വിവാഹം കഴിഞ്ഞ് രണ്ടുമാസം; 18-കാരി ഭര്‍തൃവീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

ഉള്ളിയേരി (കോഴിക്കോട്): കോക്കല്ലൂരിലെ രാരോത്ത്കണ്ടി അല്‍ക്ക(18)യെ കന്നൂരിലെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. എടച്ചേരിപ്പുനത്തില്‍ വീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ക്കമ്പിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.20-നാണ് ഷാളില്‍ തൂങ്ങിയനിലയില്‍ കണ്ടത്.
ഭര്‍ത്താവ് പ്രജീഷ് വീട്ടിലില്ലായിരുന്നു. ഭര്‍ത്താവിന്റെ അച്ഛനും അമ്മയും ജോലിക്കുപോയതായിരുന്നു. പ്രജീഷിന്റെ അച്ഛന്‍ ഉച്ചഭക്ഷണത്തിന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയനിലയില്‍ കണ്ടതിനെത്തുടര്‍ന്ന് അയല്‍വാസികളുടെ സഹായത്തോടെ തള്ളിത്തുറന്ന് അകത്തുകടന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്.
അല്‍ക്കയുടെയും പ്രജീഷിന്റെതും പ്രണയവിവാഹമായിരുന്നു. വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസമാവുന്നതേയുള്ളൂ. അത്തോളി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹംകോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അച്ഛന്‍: സുരേഷ് ബാബു. അമ്മ: മിനി. സഹോദരന്‍: അജില്‍ബാബു.