കണ്ണൂരിൽ ‘പുരനിറഞ്ഞ്’ നിൽക്കുന്നവരെ കെട്ടിക്കാൻ സർക്കാർ പദ്ധതി

Share our post

കണ്ണൂർ: വിവാഹപ്രായം കഴിഞ്ഞിട്ടും പുരനിറഞ്ഞുനിൽക്കുന്ന യുവതീയുവാക്കളെ സഹായിക്കാൻ മുന്നിട്ടിറങ്ങി രണ്ട് പഞ്ചായത്തുകൾ. മുഖ്യമന്ത്രിയുടെ പഞ്ചായത്തായ പിണറായിയും തളിപ്പറമ്പിനടുത്തുള്ള പട്ടുവം പഞ്ചായത്തുമാണ് മാതൃക കാട്ടുന്നത്. കുറഞ്ഞത് 35 വയസെങ്കിലും ആയവർക്ക് രജിസ്റ്റർ ചെയ്യാം. പ്രായവും വിദ്യാഭ്യാസവും നോക്കി അനുയോജ്യരായവരുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കും. ജാതകവും ജാതിയും മതവും മാനദണ്ഡമല്ല. സ്ത്രീധനം പാടില്ല. സായുജ്യം എന്ന പേരിൽ പിണറായി പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയിൽ ഓൺലൈൻ രജിസ്ട്രേഷനും നടത്താം.

പട്ടുവം പഞ്ചായത്തിന്റെ പദ്ധതി ‘നവമാംഗല്യം’ എന്ന പേരിലാണ്. വിവാഹാലോചനയ്ക്ക് പഞ്ചായത്ത് സബ് കമ്മിറ്റിയുണ്ടാക്കും. പരസ്പരം കാണാൻ സൗകര്യം ഒരുക്കും. ഇഷ്ടപ്പെട്ടാൽ ഇരുവർക്കും കൗൺസലിംഗ് നടത്തും. ലളിതമായ ചടങ്ങിലൂടെ വിവാഹിതരാവാൻ തയ്യാറായാൽ, പഞ്ചായത്തിന്റെ ചെലവിൽ നടത്തിക്കൊടുക്കും. ചെലവേറിയ ചടങ്ങായാൽ അത് സ്വയം വഹിക്കണം. സമൂഹ വിവാഹത്തിന് സന്നദ്ധമാണെങ്കിൽ, അതിനും പഞ്ചായത്ത് തയ്യാർ.

പിണറായി പഞ്ചായത്തിൽ ഇന്നു മുതൽ രജിസ്ട്രേഷൻ തുടങ്ങും. വെബ്സൈറ്റും തയ്യാറാക്കുന്നുണ്ട്. വധൂവരൻമാരെ തേടി മറ്റു പഞ്ചായത്തുകൾക്ക് കത്ത് അയച്ചു തുടങ്ങി.

“വിവാഹപ്രായം കഴിഞ്ഞവർക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണ് സായൂജ്യം പദ്ധതി.” – കെ.കെ. രാജീവൻ, പിണറായി പഞ്ചാ. പ്രസിഡന്റ് `

“മറ്റു പഞ്ചായത്തുകളിലും നവമാംഗല്യം പദ്ധതി പ്രേരണയാകുമെന്നാണ് പ്രതീക്ഷ.” – പി. ശ്രീമതി, പട്ടുവം പഞ്ചാ. പ്രസിഡന്റ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!