ആറുവയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് 81 വര്‍ഷം തടവ്

Share our post

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 81 വര്‍ഷം തടവുശിക്ഷ. ഇടുക്കി പോക്‌സോ അതിവേഗ കോടതിയുടേതാണ് വിധി. ആറുവയസ്സുള്ള കുട്ടിയെ, 2019 നവംബര്‍ മുതല്‍ 2020 മാര്‍ച്ച് കാലയളവില്‍ പീഡിപ്പിച്ച കേസിലാണ് ഓട്ടോ ഡ്രൈവറായ വിമലിനെ കോടതി 81 വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ഇടുക്കി പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമം, തുടര്‍ച്ചയായ ലൈംഗിക അതിക്രമം, അശ്ലീലച്ചുവയുള്ള പദപ്രയോഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിമലിനെ ദീര്‍ഘകാല തടവിന് വിധിച്ചത്. എന്നാല്‍ ശിക്ഷകള്‍ ഒരുമിച്ച് അനുഭവിക്കുന്നതിനാല്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും.

2019-ല്‍ രാജക്കാട് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസിലും ഇടുക്കി പോക്‌സോ അതിവേഗ കോടതി ശിക്ഷ വിധിച്ചു. പത്തുവയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ കേസില്‍ അയല്‍വാസി കൂടിയായ പ്രതിക്ക് 40 വര്‍ഷം തടവും കോടതി വിധിച്ചു. വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിക്കുന്നതിനാല്‍, 20 വര്‍ഷം ഇയാള്‍ ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും.

രാജക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ 15 വയസ്സുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് 12 വര്‍ഷം ശിക്ഷയും കോടതി വിധിച്ചു. വീടിന് അകത്തുകയറിയ ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഇയാളുടെ കയ്യില്‍ കടിച്ച് രക്ഷപ്പെട്ട് അടുത്ത വീട്ടില്‍ അഭയം തേടി. സംഭവം ചോദ്യം ചെയ്ത പെണ്‍കുട്ടിയുടെ അമ്മയേയും മറ്റൊരു ആണ്‍കുട്ടിയെയും പ്രതി മര്‍ദിക്കുകയും ചെയ്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!