പാലുകാച്ചിമല ട്രക്കിങ്ങിന് ഞായറാഴ്ച തുടക്കം

Share our post

കേളകം: കൊട്ടിയൂർ പാലുകാച്ചിമലയിൽ ജൂലായ് 31-ന്‌ ഞായറാഴ്ച മുതൽ സഞ്ചാരികൾക്ക്‌ പ്രവേശനം. രാവിലെ 10.30-ന്‌ കണ്ണൂർ ഡി.എഫ്.ഒ. പി.കാർത്തിക്‌ ആദ്യ ട്രക്കിങ് സംഘത്തിനുള്ള ഫ്ലാഗ്‌ ഓഫ്‌ കർമം നിർവഹിക്കും.

പ്രവേശന ഫീസ് ഈടാക്കിയാണ് സഞ്ചാരികളെ മലയിലേക്ക് കടത്തിവിടുക. പാലുകാച്ചിമല ട്രക്കിങ് ജൂൺ മൂന്നിന്‌ ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും ഇൻഷുറൻസ്‌ പരിരക്ഷ ഏർപ്പെടുത്താതിരുന്നതിനാൽ പ്രവേശനമുണ്ടായിരുന്നില്ല.

കേളകം, കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്തുകൾ സംയുക്തമായി നടത്തിയ പ്രവർത്തനത്തിന്റെ ഫലമായാണ്‌ പദ്ധതി യാഥാർഥ്യമായത്‌. ഇതിന്റെഭാഗമായി രൂപവത്കരിച്ച പാലുകാച്ചി വനസംരക്ഷണ സമിതിക്കാണ്‌ പ്രവർത്തനങ്ങളുടെ നടത്തിപ്പ്‌ ചുമതല. വനസംരക്ഷണസമിതി നിയമിച്ച ആറ്‌ താത്‌കാലിക ജീവനക്കാരാണ്‌ വിനോദസഞ്ചാരികളെ സഹായിക്കുക. ഇതിനു പുറമെ വനസംരക്ഷണ സമിതി പ്രവർത്തകരും ഉണ്ടാകും. ടിക്കറ്റ്‌ കൗണ്ടർ, ക്ലോക്ക്‌ റൂം, ടോയ് ലറ്റ്‌ തുടങ്ങിയ അടിസ്ഥാന സകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്‌.

ടിക്കറ്റ് നിരക്ക്

• മുതിർന്നവർ 50 രൂപ.

• കുട്ടികൾ 20 രൂപ.

• വിദേശികൾ 150 രൂപ.

• ക്യാമറ 100 രൂപ.

ട്രക്കേഴ്സിൻ്റെ ശ്രദ്ധയ്ക്ക്

• എല്ലാ ദിവസവും രാവിലെ ഏട്ടു മുതൽ വൈകീട്ട് 4.30 വരെ ടിക്കറ്റ്‌ നല്‍കും.
• വൈകീട്ട്‌ ആറിന് മുമ്പ്‌ സഞ്ചാരികള്‍ വനത്തിന്‌ പുറത്ത്‌ കടക്കണം.
• സഞ്ചാരികളെ ചുരുങ്ങിയത്‌ 10 പേർ വീതം അടങ്ങുന്ന ടീമായാണ്‌ മലയിലേക്ക് കടത്തി വിടുക.
• അനുവാദമില്ലാതെ കാടിനകത്തേക്ക്‌ പ്രവേശിക്കുന്നത്‌ ശിക്ഷാര്‍ഹമാണ്‌.
• വനസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുക.
• വനത്തിനകത്തോ, പരിസരങ്ങളിലോ പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ നിക്ഷേപിക്കരുത്‌.
• ലഹരി വസ്തുക്കളുടെ ഉപയോഗം നിരോധിച്ചിരിക്കുന്നു.
• വനത്തിനും വന്യജീവികള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടാക്കരുത്.
• വനത്തിനകത്തു നിന്നും യാതൊന്നും ശേഖരിക്കരുത്.
• നിശ്ചയിച്ചിട്ടുളള വഴികളിലൂടെ അല്ലാതെ പാലുകാച്ചി മലയിലേക്ക്‌ മറ്റു വഴികള്‍ തിരഞ്ഞെടുക്കരുത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!