കാർഷികാധിഷ്‌ഠിത വ്യവസായങ്ങൾക്ക് കെ.എഫ്.സി. വായ്പ

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി.) കാർഷികാധിഷ്ഠിത വ്യവസായങ്ങൾക്ക് പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. 10 കോടി രൂപ വരെയുള്ള വായ്പകൾ അഞ്ചുശതമാനം വാർഷിക പലിശയ്ക്ക് ലഭിക്കും.
പുതിയ യൂണിറ്റുകൾ സ്ഥാപിക്കൽ, നിലവിലുള്ളവയുടെ നവീകരണം, യന്ത്രസാമഗ്രികൾ വാങ്ങൽ, പ്രവർത്തന മൂലധന ആവശ്യങ്ങൾ മുതലായവ ഉൾപ്പെടെ യൂണിറ്റുകളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്കും വായ്പ നൽകും.
പദ്ധതിത്തുകയുടെ 90 ശതമാനംവരെ വായ്പ ലഭിക്കും. കുറഞ്ഞവായ്പ അഞ്ചുലക്ഷം രൂപയാണ്. 10 കോടി രൂപ വരെയുള്ള വായ്പകൾക്ക് മൂന്നുശതമാനം പലിശ ഇളവ് സംസ്ഥാന സർക്കാരും രണ്ടുശതമാനം ഇളവ് കെ.എഫ്.സി.യും വഹിക്കും. സംരംഭകർ അഞ്ചുശതമാനം പലിശ മാത്രം അടച്ചാൽ മതി. രണ്ടുവർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ പരമാവധി തിരിച്ചടവ് കാലയളവ് 10 വർഷമായിരിക്കും.
നിലവിൽ വായ്പകളിൽ കെ.എഫ്.സി. പ്രൊസസിങ് ഫീസിൽ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കെ.എഫ്.സി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ സഞ്ജയ് കൗൾ പറഞ്ഞു. ഓൺലൈനായാണ് വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്.