മുടിവെട്ടാനെത്തിയ 14-കാരനെ അശ്ലീലദൃശ്യം കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാനെത്തിയ പതിനാലുകാരനെ അശ്ലീലദൃശ്യം കാണിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. വിശ്വനാഥപുരം രാജീവ് ഭവനില്‍ രാജീവ് (38) ആണ് പിടിയിലായത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. മുടിവെട്ടാനെത്തിയ കുട്ടിയുടെ വീട്ടിലാരുമില്ലെന്നറിഞ്ഞതോടെ ഇയാള്‍ സ്വന്തം ബൈക്കില്‍ വീട്ടില്‍ കൊണ്ടുവന്നുവിടാമെന്ന് പറഞ്ഞു. കുട്ടി സമ്മതിച്ചതോടെ വീട്ടിലെത്തിച്ചശേഷം മൊബൈലില്‍ സൂക്ഷിച്ചിരുന്ന അശ്ലീലദൃശ്യങ്ങള്‍ കാണിക്കുകയും കടന്നുപിടിക്കാന്‍ ശ്രമിക്കുകയുംചെയ്തു.
കുട്ടി ബഹളംവെച്ചതോടെ ഇയാള്‍ വീട്ടില്‍നിന്നു ഇറങ്ങിപ്പോയി. മാതാപിതാക്കള്‍ ജോലി കഴിഞ്ഞെത്തിയപ്പോള്‍ കുട്ടി ഉണ്ടായ കാര്യങ്ങള്‍ വീട്ടുകാരോട് പറഞ്ഞു. കുമളി സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.ഐ. ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.