മഴയുടെ തോതനുസരിച്ച് തനിയെ പ്രവർത്തിക്കുന്ന വൈപ്പറുമായി വിദ്യാർഥികൾ

കണ്ണൂർ: മഴയുടെ തോതനുസരിച്ച് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന വൈപ്പർ രൂപകല്പനചെയ്ത് ഒരുകൂട്ടം വിദ്യാർഥികൾ. മഴ തുടങ്ങിയാൽ വൈപ്പർ തനിയെ പ്രവർത്തിച്ചുതുടങ്ങും. മഴയുടെ തോതനുസരിച്ച് വൈപ്പറിന്റെ സ്പീഡ് ക്രമീകരിക്കുകയും ചെയ്യും. പിലാത്തറ എം.ജി.എം. പോളിടെക്നിക് കോളേജിലെ അവസാന സെമസ്റ്റർ ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ വിദ്യാർഥികളാണ് ഇത് രൂപപ്പെടുത്തിയത്.
പ്രോജക്ട് വർക്കിന്റെ ഭാഗമായാണ് സംവിധാനം വികസിപ്പിച്ചത്. ഇലക്ട്രോണിക് മൊഡ്യൂൾ സെൻസർ വഴിയാണ് ഇതിന്റെ പ്രവർത്തനം. കുറഞ്ഞ ഊർജം മാത്രം ഉപയോഗിക്കുന്ന ഈ സംവിധാനം ഏറെ സൗകര്യപ്രദവും ലളിതവുമായതിനാൽ സാധാരണ കാറുകളിലും ഉപയോഗിക്കാം. മഴയുടെ അളവ് കൃത്യതയോടെ മനസ്സിലാക്കി മതിയായ സ്പീഡിൽ ആവശ്യമുള്ളപ്പോൾ മാത്രം പ്രവർത്തിക്കുന്നതിനാൽ വൈപ്പർ ബ്ലെയ്ഡുകളുടെ അകാലതേയ്മാനം കുറയും.
വിദ്യാർഥികളായ എൻ.ഷമൽ, യു.ആർ. ഷാരൂൺ, എ.ബി. ഷൈബിൻ, സിദ്ധാർഥ്, കെ.വി. സിദ്ധാർഥ് പ്രദീപ്, കെ. ശിവപ്രസാദ്, കെ.കെ. ശ്രീരാഗ്, പി. ശ്രീരാഗ്, വി.എസ്. സ്വരാജ് എന്നിവർ ചേർന്നാണ് ഇത് വികസിപ്പിച്ചെടുത്തത്. ഓട്ടോമൊബൈൽ വിഭാഗം മേധാവി പി.വി. ചന്ദ്രൻ, അധ്യാപകരായ കെ.വി. ജയകൃഷ്ണൻ, ബിനു ജോസ്, കെ.പി. സുകുമാരൻ, കെ.പി. വിവേക് എന്നിവരാണ് നിർദേശങ്ങൾ നൽകിയത്.