മാസ്കും സ്കാർഫും ധരിച്ച് മോഷ്ടാവിന്റെ വിളയാട്ടം; താവക്കര നിവാസികൾ ആശങ്കയിൽ
കണ്ണൂർ : മോഷ്ടാവിന്റെ വിളയാട്ടത്തിൽ ഭീതിയിലായി താവക്കര നിവാസികൾ. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി കാലത്ത് ഈ ഭാഗത്തെ വീടുകളിൽ മോഷണ ശ്രമം നടന്നു. 2 വീടുകളിൽ നിന്ന് പണം ഉൾപ്പെടെ കവരുകയും ചെയ്തു. താവക്കര റസിഡന്റ്സ് അസോസിയേഷൻ ഏരിയയിൽ 95 വീടുകളാണുള്ളത്.
ചില വീടുകളിൽ വയോധികരും മറ്റിടങ്ങളിൽ സ്ത്രീകളും കുട്ടികളും മാത്രമാണുള്ളത്. എം.ജി. റോഡിലെ കടകൾ അടച്ചു കഴിഞ്ഞാൽ മേഖല പൂർണമായും ഇരുട്ടിലാണ്. ഇവിടെയുള്ള സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിക്കാത്തതും മോഷ്ടാക്കൾക്ക് സഹായകമാകുന്നു.
മാസ്കും സ്കാർഫും ധരിച്ച് മോഷ്ടാവ്
താവക്കരയിലെ വീടുകളിൽ മോഷണത്തിന് എത്തുന്നയാളുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചു. ട്രൗസറും ബനിയനും സ്കാർഫും മാസ്ക്കും ധരിച്ചാണ് ഇയാൾ കവർച്ചയ്ക്ക് എത്തുന്നത് സിസിടിവി ദൃശ്യത്തിൽ കാണാം. യുവാവാണെന്നാണ് സൂചന. വീടിന്റെ ജനാലയിലൂടെ കയ്യിട്ട് തുറക്കാനുള്ള ശ്രമം നടത്തുന്ന ഇയാൾ പിന്നീട് മറ്റൊരു വീട്ടുമതിൽ ചാടിക്കടക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
ഇയാൾക്കൊപ്പം മറ്റാരെങ്കിലും ഉണ്ടോ എന്ന് വ്യക്തമല്ല. താവക്കര പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും വേണ്ട സംരക്ഷണം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും രാത്രിയിൽ പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തണമെന്നും താവക്കര റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി പി. രാജീവൻ ആവശ്യപ്പെട്ടു.
