സുഹൃത്തിനെ വെട്ടിക്കൊന്ന് സ്യൂട്ട്കേസിലാക്കിയ ഡോ: ഓമനയുടെ ജീവിതം സിനിമയാകുന്നു

കണ്ണൂർ: യുവാവിനെ വെട്ടിക്കൊന്ന് സ്യൂട്ട്‌കെയ്‌സിലാക്കി വലിച്ചെറിയാൻ ശ്രമിക്കവേ പിടിയിലായ പയ്യന്നൂർ സ്വദേശി ഡോ. ഓമനയുടെ ജീവിതം സിനിമയാവുന്നു. ‘സീറോഡിഗ്രി’ എന്ന പേരിൽ നവാഗത സംവിധാകയനും പ്രവാസി മലയാളിയുമായ സുജിത് ബാലകൃഷ്ണനാണ് ‘യസ്ബി’ ബാനറിൽ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.
1996 ജൂലായ് 11-നാണ് ഊട്ടി റെയിൽവേ റസ്റ്റ് ഹൗസിൽ വെച്ച് ഡോ. ഓമനയുടെ സുഹൃത്തും അന്നൂർ സ്വദേശിയുമായ സിവിൽ കോൺട്രാക്ടർ മുരളീധരൻ കൊല്ലപ്പെടുന്നത്. ഇയാളുടെ ശരീരം വെട്ടിമുറിച്ച് കഷണങ്ങളാക്കി പ്ലാസ്റ്റിക് സഞ്ചിയിലാക്കി സ്യൂട്ട്‌കേസിൽ നിറച്ച് കളയാൻ കൊണ്ടുപോകും വഴി തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽവെച്ചാണ് ഡോ. ഓമന പിടിയിലാവുന്നത്. അപൂർവമായ കൊല നടത്തിയ ഡോ. ഓമന ‘ലേഡി സുകുമാരക്കുറപ്പ്’ എന്നാണ് അറിയപ്പെട്ടത്.
ഓമന പിന്നീട് ജാമ്യത്തിലറങ്ങി മുങ്ങുകയായിരുന്നു. മലേഷ്യയിൽ ഉണ്ടെന്നും അവിടെെവച്ച് മരിച്ചെന്നും വാർത്ത വന്നിരുന്നു. അതേസമയം, മരിച്ചയാൾ ഓമനയല്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഊട്ടി, ബിഹാർ, കേരളം എന്നിവിടങ്ങളിൽ വെച്ചായിരിക്കും ചിത്രീകരണമെന്ന് സംവിധായകൻ സുജിത് ബാലകൃഷ്ണൻ പറഞ്ഞു. ഡിസംബറിന്റെ കൊടുംതണുപ്പുള്ള ഊട്ടി സിനിമയിലെ ഒരു ‘കഥാപാത്രം’ തന്നെയാവും. മലയാളത്തിലും തമിഴിലും ചിത്രീകരിക്കും. മികച്ച അഭിനയത്തിന് പുരസ്കാരം ലഭിച്ച മലയാള നടിയെ തന്നെ നായികയാക്കാനുള്ള ശ്രമമുണ്ട്. ഒരു കൊലപാതകത്തെ അതേപടി ചിത്രീകരിക്കുകയല്ല മറിച്ച് ഈ നടുക്കമുള്ള സംഭവത്തിൽ എവിടെയൊക്കെയോ വിട്ടുപോയ കണ്ണികൾ കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു