കാർഷികമേഖലയിൽ ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതി

കണ്ണൂർ: ഓരോ ജില്ലയിലെയും കാർഷികോത്പന്നങ്ങളിൽനിന്ന് വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിന് സംരംഭകരെ സഹായിക്കാൻ ’ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതി’. കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയമാണിത് നടപ്പാക്കുന്നത്. ഓരോ ജില്ലയിലും യഥേഷ്ടം ലഭിക്കുന്ന ഒരു ഉത്പന്നമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ഏത് മൂല്യവർധിത ഉത്‌പന്നങ്ങളുടെയും വ്യവസായ യൂണിറ്റുകൾ തുടങ്ങാം.
10 ലക്ഷം വരെ സഹായധനം
വ്യവസായ യൂണിറ്റുകൾക്ക് പദ്ധതിച്ചെലവിന്റെ 35 ശതമാനം (പരമാവധി 10 ലക്ഷം രൂപ വരെ) സർക്കാർ സഹായധനം നൽകും. ഗുണഭോക്തൃവിഹിതമായി കുറഞ്ഞത് 10 ശതമാനം തുകയും ബാക്കി ബാങ്ക് വായ്പയായും കണ്ടെത്തണം. 60:40 എന്നതാണ് കേന്ദ്ര-സംസ്ഥാന സർക്കാർ സഹായധന അനുപാതം.
നിലവിൽ ഇത്തരം വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഒരു യൂണിറ്റ് തുടങ്ങാൻ 10 മുതൽ 25 ലക്ഷം വരെ രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. ഒരു യൂണിറ്റിൽ കുറഞ്ഞത് 15 പേർക്കെങ്കിലും നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ബ്ളോക്ക്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിലുള്ള വ്യവസായ വികസന ഓഫീസർമാരെ ബന്ധപ്പെടുണം.
ജില്ലയും തിരഞ്ഞെടുത്ത ഉത്പന്നങ്ങളും
* തിരുവനന്തപുരം, കൊല്ലം: മരച്ചീനിയും മറ്റ് കിഴങ്ങുവർഗങ്ങളും (മരച്ചീനി ചിപ്‌സ്, മരച്ചീനി പൗഡർ, ബിസ്കറ്റ്, പലഹാരങ്ങൾ)
* കാസർകോട്, പത്തനംതിട്ട: ചക്ക (ചക്ക പൗഡർ, ചക്ക ഐസ്‌ക്രീം, ചക്ക ചിപ്‌സ്, ചക്ക ജാം, വിവിധ മരുന്നുകൾ)
* ആലപ്പുഴ, തൃശ്ശൂർ: നെല്ല് (അവൽ, മലർ, അരിപ്പൊടി, പലഹാരങ്ങൾ)
* എറണാകുളം: കൈതച്ചക്ക (ജാം, ജ്യൂസ്, ഹൽവ, ഉണക്കിയെടുത്ത പൈനാപ്പിൾ)
* ഇടുക്കി: സുഗന്ധവ്യഞ്ജനങ്ങൾ (ഗരംമസാല, മസാലപ്പൊടികൾ, സുഗന്ധദ്രവ്യങ്ങൾ)
* പാലക്കാട്: ഏത്തക്കായ (ചിപ്സ്, ഹൽവ, ഏത്തക്കായപ്പൊടി)
* കണ്ണൂർ, മലപ്പുറം, കോഴിക്കോട്, കോട്ടയം: തേങ്ങ (വെളിച്ചെണ്ണ, വെന്തവെളിച്ചെണ്ണ, ചിപ്സ്, ഹൽവ, ഐസ്‌ക്രീം)
* വയനാട്: പാൽ (പനീർ, നെയ്യ്, തൈര്, ഐസ്ക്രീം, ലെസ്സി, പേഡ).