അങ്കണവാടികളിൽ പാൽ, മുട്ട വിതരണം ഓഗസ്റ്റ് ഒന്നുമുതൽ

വനിത-ശിശു വികസന വകുപ്പിനു കീഴിലെ അങ്കണവാടികളിൽ ഓഗസ്റ്റ് ഒന്നുമുതൽ പാലും മുട്ടയും വിതരണം ചെയ്യും. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് ആഴ്ചയിൽ രണ്ടുദിവസം പാലും രണ്ടുദിവസം മുട്ടയും നൽകുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 12-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പരിപാടിയുടെ അങ്കണവാടിതല ഉദ്ഘാടനം അന്ന് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തും.
2022-23 സാമ്പത്തിക വർഷത്തെ വിതരണത്തിനാവശ്യമായ തുകയുടെ ആദ്യഗഡു വനിത-ശിശുവികസന വകുപ്പ് അനുവദിച്ചിട്ടുണ്ട്. അഞ്ചുമാസത്തേക്കുള്ള ഫണ്ട് ജില്ലാ വനിത-ശിശുക്ഷേമ ഓഫീസർമാർക്ക് കൈമാറി.