നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഞങ്ങൾക്ക് വേണ്ട; വിശദീകരണവുമായി കെ.എസ്.ഇ.ബി

Share our post

ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ വ്യാജ സന്ദേശങ്ങൾ പലർക്കും ലഭിച്ചു തുടങ്ങി. സന്ദേശത്തിലുള്ള ഫോൺ നമ്പരിൽ സംശയ നിവാരണത്തിന് വിളിച്ചാൽ ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങളാവും ചോദിക്കുക. പണം തട്ടാനുള്ള ഈ പുത്തൻ നമ്പരിൽ ഉപഭോക്താക്കൾ വീഴരുതെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കെ.എസ്.ഇ.ബി. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ആവശ്യപ്പെടില്ലെന്നും ഓർമ്മിപ്പിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ വിവരം

എത്രയും വേഗം പണമടച്ചില്ലെങ്കിൽ/ ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ ചില വ്യാജ എസ്.എം.എസ്/ വാട്സാപ് സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ ഇപ്പോൾ മലയാളത്തിലും ലഭിക്കുന്നുണ്ട്.

സന്ദേശത്തിലെ മൊബൈൽ നമ്പരിൽ ബന്ധപ്പെട്ടാൽ കെ.എസ്.ഇ.ബിയുടെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാർക്കുള്ളത്.

കെ.എസ്.ഇ.ബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, അടയ്‌ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതല്ല. ഉപഭോക്താക്കൾ തികഞ്ഞ ജാഗ്രത പുലർത്തണം എന്ന് അഭ്യർഥിക്കുന്നു. ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!