ചില്ലറവില 70 രൂപ, ചിലയിടങ്ങളില്‍ 100 രൂപ വരെ; ഞാലിപ്പൂവന് ‘സപ്തതി’

ഞാലിപ്പൂവന്‍ വിലയില്‍ രണ്ട് മാസം കൊണ്ട് 20 രൂപയിലധികം വര്‍ധന. ഏപ്രിലില്‍ ഞാലിപ്പൂവന്‍ പഴത്തിന് മൊത്തവില 35 രൂപ വരെയും ചില്ലറ വില്പന വില 50 രൂപ വരെയുമായിരുന്നു. ഇപ്പോഴിത് യഥാക്രമം 55 രൂപ, 70 രൂപ വരെയായി ഉയര്‍ന്നിട്ടുണ്ട്.
മഴ കനത്തതോടെ ഉത്പാദനത്തിലുണ്ടായ ഇടിവാണ് വില കൂടാന്‍ കാരണം. ചില സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും കിലോയ്ക്ക് 100 രൂപ വരെയാണ് ഞാലിപ്പൂവന്റെ വില. കേരളത്തില്‍ ഞാലിപ്പൂവന്‍ ഉത്പാദനം കുറവായതിനാല്‍ സംസ്ഥാനത്ത് വില്പനയ്‌ക്കെത്തുന്നതില്‍ കൂടുതല്‍ മറുനാടന്‍ ആണ്.
പൂവന്‍പഴത്തിനും 50-58 രൂപ വരെയായി വില കൂടിയിട്ടുണ്ട്. പാളയന്‍തോടന്‍ മറുനാടന് ഏപ്രിലില്‍ 18 രൂപ വരെയായിരുന്നത് നിലവില്‍ 34 രൂപ വരെയായി. റോബസ്റ്റ വിലയും 26 രൂപയില്‍നിന്ന് 34 രൂപയിലെത്തി. കണ്ണന്‍ പഴം നാടന് 30-35 രൂപയും കദളിപ്പഴത്തിന് 40 രൂപയുമായി വില കൂടിയിട്ടുണ്ട്.
അതേസമയം, നേന്ത്രന്‍ നാടന് 57 രൂപ വരെയായിരുന്ന ചില്ലറവില 48 രൂപ വരെയായി കുറഞ്ഞു. മറുനാടന്‍ ഏത്തപ്പഴത്തിന്റെ വില 52 രൂപയുണ്ടായിരുന്നത് 56 രൂപ വരെയായി. വിപണിയില്‍ ലഭ്യത കൂടിയതാണ് നാടന്‍ ഏത്തക്കായയ്ക്ക് വില ഇടിയാന്‍ കാരണം.
ഓണത്തിനോടടുപ്പിച്ചുള്ള ഉയര്‍ന്ന ആവശ്യകത കണക്കാക്കി രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ വിലയില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍.