ഔഷധച്ചെടികൾക്കായി ജീവിതം മാറ്റിവെച്ച് പിണറായിയിലെ പ്രഭാകരൻ

പിണറായി : പിണറായി ഗവ.ആയുർവേദ ഡിസ്‌പെൻസെറി ജീവനക്കാരനായ കക്കോത്ത് പ്രഭാകരൻ പ്രത്യേക ദൗത്യത്തിലാണിപ്പോൾ. ആശുപത്രിയുടെ പരിസരത്തെ വീടുകളിലെല്ലാം ഔഷധത്തോട്ടങ്ങളുണ്ടാക്കിവരികയാണിദ്ദേഹം. പിണറായി പതിനഞ്ചാം വാർഡിൽ പ്രഭാകരന്റെ നേതൃത്വത്തിൽ 25 വീടുകളിൽ ഔഷധത്തോട്ടം ഒരുങ്ങിയിരിക്കുകയാണിപ്പോൾ.
ആയുർവേദ ആശുപത്രിയുടെ തറക്കല്ലിടൽ ചടങ്ങിൽ നാട്ടുകാരനായ മുഖ്യമന്ത്രി പിണറായി വിജയനാണ് സമീപത്തെ വീടുകളിൽ ഔഷധത്തോട്ടങ്ങൾ ഒരുക്കാൻ നിർദ്ദേശിച്ചത്. ഈ ദൗത്യം ആശുപത്രി ജീവനക്കാരനായ പ്രഭാകരൻ സ്വന്തം നിലയിൽ ഏറ്റെടുക്കുകയായിരുന്നു.
കലാകാരന്മാരുടെ സംഘടനയായ നന്മയുടെ സഹകരണത്തോടെയാണ് ഔഷധ തോട്ടം നിർമ്മിച്ചു നൽകിയത്.
ഔഷധ സസ്യ പ്രചാരണത്തിന്റെ പേരിൽ പ്രഭാകരൻ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. വീടുകളിൽ ഔഷധ തോട്ട നിർമാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്റിയുടെ മണ്ഡലം പ്രതിനിധി പി. ബാലനാണ് നിർവ്വഹിച്ചത്. പരമാവധി വീടുകളിൽ പഞ്ചായത്തിന്റേയും ആയുർവേദ ഡിസ്‌പെൻസറിയുടേയും നാട്ടുകാരുടേയും സഹകരണത്തോട് കൂടി ഔഷധ തോട്ടം നിർമ്മിക്കാനാണ് പ്രഭാകരന്റെ തീരുമാനം.
നൽകിയത് 4500 ഔഷധസസ്യങ്ങൾ
തീർത്തും സൗജന്യമായാണ് പ്രഭാകരൻ ഔഷധക്കൃഷി ഒരുക്കികൊടുക്കുന്നത്. ഔഷധ സസ്യങ്ങൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയെന്ന ഉദേശത്തോടു കൂടി കഴിഞ്ഞ 8 വർഷമായി ഇദ്ദേഹം ഔഷധ ചെടികൾ നട്ടുവളർത്തി സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. നിലവിൽ 45000 തോളം ഔഷധസസ്യങ്ങൾ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്.
വിവിധ സർക്കാർ വകുപ്പുകളുടേയും സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെ ഔഷധസസ്യപ്രചാരണത്തിനായി മുന്നൂറിൽ പരം പരിപാടികൾ പ്രഭാകരൻ സംഘടിപ്പിച്ചിട്ടുണ്ട്.അറുപത്തിയൊന്ന് ഔഷധ തോട്ടങ്ങളാണ് ഇദ്ദേഹം ഇതുവരെ നിർമ്മിച്ചു നൽകിയത്. തോട്ടങ്ങൾ നിർമ്മിക്കുന്നതിലേക്ക് 243 സ്ഥാപനങ്ങളിലേക്ക് ഔഷധതൈകൾ നൽകിയിട്ടുണ്ട് ഇദ്ദേഹം. ദശപുഷ്പങ്ങൾ ,ദശമൂലകം, നക്ഷത്ര തൈകൾ ,കിഴി തൈകൾ ,വൃക്ഷ തൈകൾ. തുടങ്ങിയവയാണ് നിലവിൽ വിതരണം ചെയ്തിട്ടുള്ളത്. 500 വിവിധങ്ങളായ ഔഷധ സസ്യങ്ങളുടെ ശേഖരം പൊതുജനങ്ങൾക്ക് കാണതക്ക രീതിയിൽ വീട്ടിൽ പേരെഴുതിയ ബോർഡോടു കൂടി തയ്യാറാക്കി വച്ചിട്ടുണ്ട്.