കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം: ആദ്യഘട്ടം അടുത്തവർഷത്തോടെ

കണ്ണൂർ: കല്യാട് ആരംഭിക്കുന്ന അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ട നിർമാണ പ്രവൃത്തി 2023 മാർച്ചോടെ പൂർത്തിയാവും.
100 കിടക്കകളുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രി ബ്ലോക്ക്, വൈദ്യശാസ്ത്ര അറിവുകളുമായി ബന്ധപ്പെട്ട താളിയോലകളും കൈയെഴുത്തു പ്രതികളും സംരക്ഷിക്കുകയും ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള മാനുസ്ക്രിപ്റ്റ് സ്റ്റഡി സെന്റർ, ഔഷധ സസ്യത്തോട്ടം എന്നിവയാണ് ഒന്നാംഘട്ടത്തിൽ നിർമിക്കുന്നത്.
ഗവേഷണകേന്ദ്രത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താനെത്തിയശേഷം ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി വീണാ ജോർജ് ഇക്കാര്യം അറിയിച്ചത്. ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട പ്രത്യേക ഓഫിസ് ഒക്ടോബറോടെ ജില്ല ആയുർവേദ ഓഫിസിൽ ആരംഭിക്കും. നിർമാണ പ്രവൃത്തിക്കായി 34 ഹെക്ടർ ഭൂമി കൂടി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനായി സർക്കാർ 114 കോടി അനുവദിച്ചിരുന്നു.
സെപ്റ്റംബറോടെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശം നൽകി. 36.5 ഏക്കറിൽ കിഫ്ബി അനുവദിച്ച 69 കോടി രൂപ ഉപയോഗിച്ചാണ് ഒന്നാംഘട്ട പ്രവൃത്തി നടത്തുക. മാനുസ്ക്രിപ്റ്റ് സ്റ്റഡി സെന്ററിന്റെ നിർമാണ പ്രവൃത്തി ഡിസംബർ മാസത്തോടെ പൂർത്തിയാകും. പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിൽ ഡിജിറ്റലൈസ് ചെയ്താണ് താളിയോല ഗ്രന്ഥങ്ങൾ ഇവിടെ സൂക്ഷിക്കുക.
311 ഏക്കറിൽ 300 കോടി രൂപ ചെലവിലാണ് കേന്ദ്രം ഒരുങ്ങുന്നത്. ആയുർവേദത്തെ തെളിവധിഷ്ഠിതവും ശാസ്ത്രീയവുമായി വ്യാപിപ്പിക്കുന്നതിനും മരുന്നുകൾ സ്റ്റാൻഡേർഡൈസ് ചെയ്യുന്നതിനും ബയോടെക്നോളജിയും ആയുർവേദവും ബന്ധപ്പെടുത്തിയുള്ള ഗവേഷണങ്ങൾക്കും വേണ്ടിയാണ് ആയുർവേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്.കെ.കെ. ശൈലജ എം.എൽ.എ, ഇരിക്കൂർ ബ്ലോക്ക് പ്രസിഡന്റ് റോബേർട്ട് ജോർജ്, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ, ആർ. മിനി, രഞ്ജിത്ത്, ഡോ. കെ.സി. അജിത്കുമാർ, എസ്. ഹരികുമാർ, ഹരികൃഷ്ണൻ തിരുമങ്കലത്ത്, ഡോ. രാജ്മോഹൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.