പേരാവൂർ മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് കേന്ദ്ര റോഡ് ഫണ്ട് അനുവദിക്കണം; സണ്ണി ജോസഫ് എം.എൽ.എ
പേരാവൂർ: മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് കേന്ദ്ര റോഡ് ഫണ്ട് ലഭിക്കുന്നതിനാവശ്യമായത് ചെയ്യണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് സണ്ണി ജോസഫ് എം എൽ എ ആവശ്യപ്പെട്ടു. ഇരിട്ടി-പേരാവൂർ-നെടുംപൊയിൽ റോഡ്, മാടത്തിൽ-കീഴ്പ്പള്ളി-ആറളംഫാം-കാക്കയങ്ങാട് റോഡ്, ഇരിട്ടി-ഉളിക്കൽ-മാട്ടറ-കാലാങ്കി റോഡ് എന്നീ റോഡുകൾക്ക് സി.ആർ.എഫ് അനുവദിക്കണമെന്നാണ് ആവശ്യം.
സംസ്ഥാനത്ത് കേന്ദ്ര റോഡ് ഫണ്ട് അനുവദിച്ചത് യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെയാണന്നും വാഹനങ്ങളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ വളരെ പിന്നിൽ നിൽക്കുന്ന പല റോഡുകൾക്കുമാണ്പദ്ധതിയിൽ അനുമതി ലഭിച്ചിരിക്കുന്നതെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.
താലൂക്ക് ആസ്ഥാനമായ ഇരിട്ടിയിലേക്ക് ആയിരക്കണക്കിനാളുകൾ എത്തിച്ചേരുവാൻ ഉപയോഗിക്കുന്ന റോഡുകൾക്ക് ഫണ്ട് അനുവദിക്കണമെന്നും കേന്ദ്ര റോഡ് ഫണ്ട് അനുവദിച്ചതിലെ അപാകതകൾപരിഹരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.