പാർക്കിങ് സൗകര്യമില്ലെന്നതിന്റെ പേരിൽ ഓട്ടോ പെർമിറ്റ് നിഷേധിക്കാനാകില്ല -ഹൈക്കോടതി
കൊച്ചി: പാർക്കിങ് സൗകര്യം ഇല്ലെന്നതിന്റെ പേരിൽ ഓട്ടോറിക്ഷ പെർമിറ്റ് നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. സാധാരണ മനുഷ്യർക്ക് ഉപജീവനമാർഗം നിഷേധിച്ചുകൊണ്ടല്ല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടതെന്നും ജസ്റ്റിസ് ഷാജി പി. ചാലി അഭിപ്രായപ്പെട്ടു.
വടകര മുനിസിപ്പാലിറ്റിയുടെ പരിധിയിൽ പുറത്തുനിന്നുള്ളവർക്കും ഓട്ടോറിക്ഷ പെർമിറ്റ് നൽകാനുള്ള മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം ചോദ്യം ചെയ്യുന്ന ഹർജിയിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മതിയായ പാർക്കിങ് സൗകര്യം ഒരുക്കാൻ സർക്കാരും മറ്റു അധികാരികളും ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു. സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും കീഴിലുള്ള വെറുതേകിടക്കുന്ന സ്ഥലങ്ങൾ ഇതിനായി ഉപയോഗിക്കണം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇവിടെ പാർക്കിങ് സൗകര്യം ഒരുക്കണം-കോടതി അഭിപ്രായപ്പെട്ടു.
മുനിസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്ന 1000 പേർക്ക് പെർമിറ്റ് നൽകാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനെ ചിലർ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. തുടർന്ന് റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റിയോട് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാൻ നിർദേശിച്ചു. മുനിസിപ്പാലിറ്റിയുടെ പുറത്ത് താമസിച്ചവരെ ഒഴിവാക്കിയ തീരുമാനം തുടർന്ന് റദ്ദാക്കി. ഇതിനു പിന്നാലെ പുറത്തുള്ളവർക്കും പെർമിറ്റ് നൽകാൻ നീക്കം നടക്കുകയാണെന്നായിരുന്നു വടകര മുനിസിപ്പൽ ഏരിയ ഓട്ടോറിക്ഷ തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ഹർജിയിലെ ആരോപണം.