ആഫ്രിക്കന്‍ പന്നിപ്പനി; 190 പന്നികളെ കൊന്നു

Share our post

മാനന്തവാടി: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച തവിഞ്ഞാല്‍ ഫാമിലെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കി. തവിഞ്ഞാല്‍ കരിമാനി കൊളങ്ങോടിലെ മുല്ലപ്പറമ്പില്‍ എം.വി. വിന്‍സെന്റിന്റെ ഫാമിലെ പന്നികളെയാണ് കൊന്നത്. തിങ്കളാഴ്ച രാത്രിയോടെയാണ് ദൗത്യം അവസാനിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ പന്നികളെ കൊല്ലാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെങ്കിലും രാത്രി പത്തോടെയാണ് കൊന്നുതുടങ്ങിയത്. ഇത് തിങ്കളാഴ്ച രാവിലെ അഞ്ചുവരെ നീണ്ടു. ഈ സമയത്തിനകം 190 പന്നികളെ കൊന്നു. രാത്രിയോടെ മുഴുവന്‍ പന്നികളെയും കൊന്ന് സംഘം മടങ്ങി. ഇലക്ട്രിക് സ്റ്റണ്ണര്‍ ഉപയോഗിച്ച് മയക്കിയശേഷം ഞരമ്പുമുറിച്ച് ചോര വാര്‍ത്തൊഴുക്കി കൊല്ലുന്ന ‘ഹ്യുമേന്‍ കില്ലിങ്’ സംവിധാനമാണ് സ്വീകരിച്ചത്.

കാട്ടിക്കുളം വെറ്ററിനറി സര്‍ജന്‍ ഡോ. വി. ജയേഷ്, മാനന്തവാടി വെറ്ററിനറി പോളിക്ലിനിക്കിലെ ഡോ. കെ. ജവഹര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 16 അംഗസംഘമാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. മാനന്തവാടി കണിയാരം വലിയകണ്ടിക്കുന്ന് കൊളവയല്‍ ജിനി ഷാജിയുടെ ഫാമിലുള്ള 43 പന്നികളും ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച് ചത്തെന്ന് മൃഗസംരക്ഷണവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഈ ഫാമിന് ഒരുകിലോമീറ്റര്‍ പരിധിയിലുള്ള അഞ്ചുഫാമുകളിലെ 325 പന്നികളെക്കൂടി കൊല്ലാന്‍ തീരുമാനിച്ചിരുന്നു. ജിയോ ടാഗ് സംവിധാനം ഉപയോഗിച്ച് അളന്നപ്പോള്‍ സമീപത്തുള്ള ഫാമുകളുടെ എണ്ണംകുറഞ്ഞു.

നിലവില്‍ മാനന്തവാടിയിലെ 80 പന്നികളെ കൊല്ലാനാണ് തീരുമാനം. ഇതും അടുത്ത ദിവസംതന്നെയുണ്ടാകുമെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!