5 വര്‍ഷം കാത്തിരുന്ന് കുഞ്ഞ് പിറക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് അപകടം; യുവാവിന് ദാരുണാന്ത്യം

പഴഞ്ഞി: കല്യാണം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷമുണ്ടായ ആദ്യ കണ്‍മണിയെ കാണാന്‍ കൊതിയോടെയുള്ള കാത്തിരിപ്പിലായിരുന്നു ശരത്ത്. പക്ഷേ, തിങ്കളാഴ്ച ഉച്ചയ്ക്ക് ആണ്‍കുട്ടി പിറന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ ശരത്ത് ഉണ്ടായിരുന്നില്ല. രാത്രിയുണ്ടായ ബൈക്കപകടം ആ കുടുംബത്തിന്റെ എല്ലാ സന്തോഷവും ഇല്ലാതാക്കി.
കുന്നംകുളം വെട്ടിക്കടവ് പള്ളിക്കുസമീപം ബൈക്ക് നിയന്ത്രണം വിട്ട് വീട്ടുമതിലിലും വൈദ്യുതിത്തൂണിലും ഇടിച്ചുണ്ടായ അപകടത്തില്‍ ആ യുവാവ് മരിച്ചു. വെസ്റ്റ് മങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ശരത്ത് (30) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്.
ഭാര്യ നമിതയെ പ്രസവത്തിനായി തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചിന് ഭാര്യയുടെ അടുത്തേക്കെത്താനുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ് കിടന്നതായിരുന്നു ശരത്ത്. പുലര്‍ച്ചെ ഒന്നരയോടെ കൂട്ടുകാരന്റെ വിളി വന്നു. ബൈക്കിന്റെ പെട്രോള്‍ തീര്‍ന്ന് കുന്നംകുളം അഞ്ഞൂരില്‍ വഴിയിലായ അവനെ സഹായിക്കാന്‍ മറ്റൊരു സുഹൃത്തുമായി അപ്പോള്‍ത്തന്നെ പുറപ്പെട്ടു. ആ യാത്ര മരണത്തിലേക്കുമായി.
കാട്ടകാമ്പാല്‍ ചിറയ്ക്കലില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയാണ് ശരത്ത്. ബി.ജെ.പി.യുടെ സേവനപ്രവര്‍ത്തനങ്ങളിലും താലൂക്ക് ആസ്പത്രിയിലെ പൊതിച്ചോര്‍ വിതരണത്തിലും സജീവമായിരുന്നു. അച്ഛന്‍: ബാലകൃഷ്ണന്‍. അമ്മ: ഷീല. സഹോദരി: ശരണ്യ.