50 ലക്ഷം കടബാധ്യത; വീട് വില്‍ക്കാനൊരുങ്ങുന്നതിനിടെ ഒരുകോടിയുടെ ഭാഗ്യമെത്തി

കാസര്‍കോട്: അമ്പത് ലക്ഷത്തോളം വരുന്ന കടബാധ്യത തീര്‍ക്കാനായി സ്വന്തം വീട് വില്‍ക്കാന്‍ തീരുമാനിച്ചയാള്‍ക്ക് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരുകോടി.
മഞ്ചേശ്വരത്തെ പെയിന്റിങ് തൊഴിലാളി പാവൂരിലെ മുഹമ്മദ് എന്ന ബാവയെ(50)യാണ് ഭാഗ്യദേവത അനുഗ്രഹിച്ചത്. ഞായറാഴ്ച നറുക്കെടുത്ത 50-50 ടിക്കറ്റിലാണ് ഒരുകോടിയടിച്ചത്. കടബാധ്യത തീര്‍ക്കാന്‍ സ്വന്തം വീട് വില്‍ക്കാന്‍ തീരുമാനിച്ച് അതിനുള്ള ടോക്കണ്‍ അഡ്വാന്‍സ് തിങ്കളാഴ്ച വൈകീട്ട് വാങ്ങാനിരിക്കെയാണ് ഭാഗ്യമെത്തിയത്.
ഈയൊരു ലോട്ടറി അടിച്ചില്ലായിരുന്നെങ്കില്‍ ഇതുവരെയുള്ള അധ്വാനത്തിലൂടെ സ്വരൂക്കൂട്ടിയ ഏക സമ്പാദ്യമായ വീട് വിറ്റ് താനും കുടുംബവും വാടകവീട്ടിലേക്ക് മാറിയേനെയെന്ന് മുഹമ്മദ് പറയുന്നു.
അഞ്ച് മക്കളാണ് മുഹമ്മദിന്. നാല് പെണ്‍മക്കളും ഒരാണും. ഇതില്‍ രണ്ട് പെണ്‍മക്കളെ കല്യാണംകഴിച്ചു വിട്ടു. പെണ്‍മക്കളുടെ കല്യാണവും വീട് നിര്‍മാണവും കഴിഞ്ഞപ്പോഴാണ് മുഹമ്മദ് അമ്പത് ലക്ഷത്തിന്റെ കടക്കാരനാവുന്നത്. ഇതിനിടെ മകന്‍ നിസാമുദ്ദീനെ ഖത്തറിലേക്ക് അയക്കുന്നതിനും ഇദ്ദേഹം പലിശക്ക് കടം വാങ്ങിയിരുന്നു. ഈ ബാധ്യതകളെല്ലാം തീര്‍ക്കാന്‍ പലരുടെയും സഹായം അഭ്യര്‍ഥിച്ചിരുന്നു.
കൂട്ടുകാരായ രണ്ടുപേരൊഴിച്ച് എല്ലാവരും കൈവിട്ടു. അങ്ങനെയാണ് വീട് വില്‍ക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ അത് വേണ്ടിവന്നില്ല -മുഹമ്മദ് പറഞ്ഞു.
സ്ഥിരമായി ലോട്ടറിയെടുക്കുന്ന ഹൊസങ്കടിയിലെ അമ്മ ലോട്ടറി ഏജന്‍സിയില്‍നിന്നാണ് ടിക്കറ്റെടുത്തത്.