കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മരിച്ചു; സി.പി.എമ്മിനെതിരേ ആരോപണം, കുഴഞ്ഞുവീണ് മരിച്ചതെന്ന് പോലീസ്

കണ്ണൂര്‍: പാനുണ്ടയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ മരിച്ചു. പുതിയവീട്ടില്‍ ജിംനേഷാണ് തിങ്കളാഴ്ച പുലര്‍ച്ചെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍വെച്ച് മരിച്ചത്.
അതേസമയം, ജിംനേഷിന്റെ മരണകാരണത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സി.പി.എം. പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് ജിംനേഷിന്റെ മരണത്തിന് കാരണമായതെന്നാണ് ആര്‍.എസ്.എസിന്റെ ആരോപണം. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു. ജിംനേഷ് ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചതാണെന്നാണ് പോലീസ് പറയുന്നത്. ആര്‍.എസ്.എസിന്റെ ആരോപണം സി.പി.എമ്മും നിഷേധിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രി പ്രദേശത്ത് ആര്‍.എസ്.എസ്-സി.പി.എം. സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ സഹോദരനെ പരിചരിക്കാനായാണ് ജിംനേഷ് ആശുപത്രിയില്‍ എത്തിയതെന്നും ഇതിനിടെ കുഴഞ്ഞുവീണ് മരിച്ചെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍ ജിംനേഷിനെയും സി.പി.എം. പ്രവര്‍ത്തകര്‍ മര്‍ദിച്ചിട്ടുണ്ടെന്നും ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണത്തിന് കാരണമായതെന്നുമാണ് ആര്‍.എസ്.എസ്. ആരോപിക്കുന്നത്.