കാക്കാത്തോട് ബസ് സ്റ്റാൻഡിൽ പേ പാർക്കിങ്

തളിപ്പറമ്പ് : കാക്കാത്തോട് മലയോര ബസ്‌സ്റ്റാൻഡ് നിർമാണത്തിന് നിലമൊരുക്കിയെങ്കിലും ബസ്സുകൾ കടന്നുവരാൻ കടമ്പകൾ ഇനിയുമേറെ. ബസ്‌സ്റ്റാൻഡിനായുള്ള അനുബന്ധപദ്ധതികൾ പൂർത്തിയാക്കുന്നതുവരെ കാക്കാത്തോടിൽ വാഹനങ്ങൾക്ക് പേ പാർക്കിങ്ങിന് വിട്ടുനൽകാനുള്ള നീക്കത്തിലാണ് നഗരസഭ. അതിനായി പുതിയ ബൈലോ തയ്യാറാക്കി. അടുത്ത നഗരസഭായോഗത്തിൽ ബൈലോ ചർച്ചചെയ്യും.
വാഹനങ്ങൾ നിർത്തിയിടാനുള്ള സ്ഥലം അളന്നുതിട്ടപ്പെടുത്തേണ്ടതുണ്ട്. വാഹനങ്ങൾക്ക് ഈടാക്കേണ്ട തുകയും അംഗീകരിക്കണം. ഇതുവഴിയുള്ള റോഡ് ഒഴിവാക്കി വേണം പാർക്കിങ്ങിന് സ്ഥലം കണ്ടെത്താൻ. കൊരപ്പുകട്ട പാകിയതിനാൽ ലോറിയുൾപ്പെടെ വലിയ വാഹനങ്ങൾ ബസ്‌സ്റ്റാൻഡിന്റെ സ്ഥലത്ത് നിർത്തിയിടുന്നത് അധികൃതർ തടഞ്ഞിരുന്നു.
അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ തറയിലെ കട്ടകൾക്ക് കേടുവരുമെന്നതിനാലാണ് വലിയ വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിച്ചതെന്നറിയുന്നു. കാക്കാത്തോട്ടിൽ പേ പാർക്കിങ് അനുവദിക്കുന്നതോടെ നഗരത്തിൽ വാഹനങ്ങൾ നിർത്തിയിടുന്നതിനുള്ള സ്ഥലപ്രശ്നം താത്കാലികമായി പരിഹരിക്കാനാകും.
മലയോര ബസ്‌സ്റ്റാൻഡ് നിർമാണത്തിന്റെ ഭാഗമായി യാത്രക്കാർക്ക് വിശ്രമിക്കാനുള്ള കെട്ടിടങ്ങളൊരുക്കേണ്ടതുണ്ട്. ശൗചാലയമുൾപ്പെടെയുള്ള നിർമാണവും പൂർത്തിയാക്കണം. ഇതിനുള്ള സാങ്കേതികാനുമതി ലഭിക്കേണ്ടതുമുണ്ട്. ഇതെല്ലാമാകുമ്പോൾ പ്രവൃത്തി നീളുമോയെന്ന ആശങ്കയും നാട്ടുകാരിലുണ്ട്.