റേഷൻ കാർഡ് ഉടമകളിൽനിന്ന് സെസ് പിരിക്കാൻ നീക്കം

കണ്ണൂര്‍: റേഷന്‍ വ്യാപാരികളുടെ ക്ഷേമനിധിയിലേക്ക് വരുമാനം ഉണ്ടാക്കുന്നതിനായി കാര്‍ഡുടമകളില്‍നിന്ന് നിശ്ചിത സംഖ്യ സെസ് പിരിക്കാന്‍ നീക്കം. ഇക്കാര്യത്തിൽ സര്‍ക്കാര്‍ ഉത്തരവ് വന്നിട്ടില്ലെങ്കിലും ധനമന്ത്രി, ഭക്ഷ്യമന്ത്രി, സിവില്‍ സപ്ലെസ് കമ്മിഷണര്‍, റേഷന്‍ ഡീലർമാരുടെ സംഘടനാ പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്തിരുന്നു. റിപ്പോര്‍ട്ട് സിവില്‍ സപ്ലൈസ് കമ്മിഷണര്‍ ഭക്ഷ്യമന്ത്രിക്ക് നല്‍കി. മുഖ്യമന്ത്രിയുടെ അനുമതികൂടി ലഭിച്ചാൽ പദ്ധതി നടപ്പാകും.
ഒരു കാര്‍ഡുടമയില്‍നിന്ന് മാസം ഒരു രൂപ നിരക്കില്‍ വര്‍ഷം 12 രൂപയാണ് സെസ്സായി പിരിക്കുക. സംസ്ഥാനത്ത് ഏകദേശം 90 ലക്ഷം കാര്‍ഡുടമകളുണ്ട്. എ.വൈ. കാര്‍ഡുകളെ സെസ്സില്‍നിന്ന് ഒഴിവാക്കും. എത്രമാസം സെസ് പിരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. തുടര്‍ച്ചയായി സെസ് പിരിക്കേണ്ടിവരില്ലെന്നാണ് കഴിഞ്ഞദിവസം റേഷന്‍ ഡീലര്‍മാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ ഭക്ഷ്യമന്ത്രി പറഞ്ഞത്.
22 വര്‍ഷം മുന്‍പ് രൂപംകൊണ്ട റേഷന്‍ വ്യാപാരികളുടെ ക്ഷേമനിധിയില്‍ 14,000ത്തോളം അംഗങ്ങളുണ്ട്. 200 രൂപയാണ് മാസം വ്യാപാരികള്‍ അടക്കുന്നത്. ക്ഷേമനിധിയില്‍ കാര്യമായ നീക്കിയിരിപ്പ് ഇല്ലാത്തതിനെ തുടര്‍ന്നാണ് സെസ് പരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. കോവിഡ് കാലത്തെ കിറ്റ് വിതരണംനടത്തിയ വകയില്‍ 11മാസത്തെ കുടിശ്ശിക റേഷന്‍വ്യാപരികള്‍ക്ക് ലഭിക്കാനുണ്ട്. അത് സേവനമായി കണക്കാക്കണമെന്ന് ഭക്ഷ്യമന്ത്രിയുടെ നിലപാടിനോട് സി.ഐ.ടി.യു. ഉള്‍പ്പെടെയുള്ള റേഷന്‍ ഡീലർമാരുടെ സംഘടനകള്‍ക്ക് കടുത്ത എതിര്‍പ്പാണ്. 50 കോടിയോളം വരുന്ന കുടിശ്ശിക അനുവദിച്ചില്ലെങ്കില്‍ ഓണക്കാലത്തെ കിറ്റുവിതരണം ഏറ്റെടുക്കുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
വ്യാപാരികളുടെ എതിര്‍പ്പ് തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് സെസ് പരിക്കാനുള്ള നീക്കമെന്നും പറയുന്നു. ഒരു കിറ്റിന് അഞ്ചരൂപവെച്ച് 50 കോടിയോളം രൂപ ലഭിക്കാനുണ്ടെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. നേരത്തെ ഏഴുരൂപ കിറ്റൊന്നിന് ലഭിച്ചതാണ്. മന്ത്രിയുടെ നിർദേശത്തെ തുടര്‍ന്ന് അത് അഞ്ചുരൂപയാക്കി മാറ്റി. 500രൂപയുടെ കിറ്റ് ജനങ്ങള്‍ക്ക് നല്‍കുമ്പോള്‍ അഞ്ചുരൂപ വിതരണംചെയ്തവര്‍ക്ക് നല്‍കുന്നതില്‍ എന്താണെ് തെറ്റെന്ന് വ്യാപാരികള്‍ ചോദിക്കുന്നു. 11 മാസത്തെ കിറ്റുവിതരണത്തിന്റെ പണമാണ് നല്‍കാത്തത്.
റേഷന്‍ മണ്ണെണ്ണയുടെ വില്‍പ്പന കമ്മിഷന്‍ ലിറ്ററൊന്നിന് 2.20രൂപയില്‍നിന്ന് നാല്‌രൂപയാക്കണമെന്ന ആവശ്യവും വ്യാപാരികള്‍ ഉന്നയിച്ചിട്ടുണ്ട്.