എല്ലാ പഠിതാക്കൾക്കും സാങ്കേതിക സാക്ഷരത നല്കുമെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം : സാങ്കേതിക സാക്ഷരത എല്ലാ പഠിതാക്കളിലേക്കും എത്തിക്കലാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്‌കോൾ കേരളയിലെ വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ‘സത്യമേവ ജയതേ’ മീഡിയ ലിറ്ററസി ക്യാമ്പയിൻ സംസ്ഥാനതല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി റഗുലർ വിദ്യാർഥികളിലേക്കും സ്‌കോൾ കേരള വഴി പഠനം നടത്തുന്ന പ്ലസ്ടു വിദ്യാർഥികളിലേക്കും സംരംഭം എത്തിക്കും.
ഇന്റർനെറ്റിൽനിന്ന് യഥാർഥ ഉള്ളടക്കം കണ്ടെത്താനും ക്രിയാത്മകമായി വിവരസാങ്കേതിക വിദ്യയെ വിനിയോഗിക്കാനും കുട്ടികളെ പ്രാപ്തമാക്കുകയാണ് ഉദ്ദേശ്യം. എസ്.എസ്.എൽ.സി, തത്തുല്യ യോഗ്യത നേടി തുടർപഠനം നിലച്ചവർക്ക് തുടർവിദ്യാഭ്യാസം നൽകി മെച്ചപ്പെട്ട അവസരങ്ങളിലേക്ക് ഉയർത്താനുള്ള കൈത്താങ്ങാണ് സ്കോൾ-കേരള ഒരുക്കുന്നത്. ആജീവനാന്ത വിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനമായി ഉയർത്തുന്ന സ്കോൾ- കേരളയെ നവീകരിക്കാൻ സർക്കാരിന്റ എല്ലാ സഹായവും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.