ഓൺലൈനിൽ കുട്ടികൾക്ക് കരുതലായി ‘കൂട്ട്’
കൂടിവരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും കുട്ടികളെ ചൂഷണംചെയ്യുന്നതിനുമെതിരേ ബോധവത്കരണം നടത്തുന്നതിനും സംരക്ഷണം നൽകുന്നതിനുമായി ‘കൂട്ട്’ എന്ന പദ്ധതിയൊരുങ്ങുന്നു. കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ വീഡിയോകൾ തടയുന്നതിനായി പോലീസ് നടത്തുന്ന ഓപ്പറേഷൻ പി-ഹണ്ടിൽ കേസുകൾ വർധിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പദ്ധതിക്ക് തുടക്കമിടുന്നത്.
സൈബർ ഡോം, സി.സി.എസ്.ഇ., സർക്കാരിതര സ്ഥാപനമായ ബച്ച്പൻ ബച്ചാവോ ആന്ദോളൻ, ചൈൽഡ്‌ലൈൻ, മെറ്റാ (ഫെയ്‌സ്‌ബുക്ക്), ഇൻകെർ റോബോട്ടിക്സ്, മക്‌ലാബ്സ്, ഐ.എം.എ., ബോധിനി എന്നീ സംഘടനകളുമായി സഹകരിച്ചാണ് പോലീസ് പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനം 26-ന് 9.30-ന് കോട്ടൺഹിൽ ഹൈസ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.
ഓരോ ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ആധുനിക സാങ്കേതികവിദ്യകളിലൂടെ അവബോധം നൽകി ഓൺലൈൻചൂഷണങ്ങളെ നേരിടാൻ സജ്ജമാക്കുകയെന്നതാണ് ആദ്യഘട്ടം.
ഓൺലൈൻവഴിയുള്ള ചതിക്കുഴികളും അപകടങ്ങളും മനസ്സിലാക്കാനും ഒഴിവാക്കാനും പ്രാപ്തമാക്കുന്ന കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കും. സാമൂഹികമാധ്യമങ്ങളിൽ കുട്ടികളുടെ ഐഡന്റിറ്റി സുരക്ഷിതമാക്കുന്നതിനുള്ള ക്ലാസുകൾ, രക്ഷാകർത്തൃ നിയന്ത്രണത്തെക്കുറിച്ചുള്ള ക്ലാസുകൾ, ഓൺലൈൻ സാമൂഹികമാധ്യമങ്ങളുടെ സമീപനങ്ങളുടെ അപകടങ്ങൾ തുടങ്ങിയവയും പരിശീലിപ്പിക്കും. ഒന്നാംഘട്ടം പൂർത്തിയാക്കിയശേഷം രണ്ട്, മൂന്ന് ഘട്ടങ്ങൾ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നടത്തും.