കണ്ണൂർ റീജ്യണൽ പബ്ലിക് ഹെൽത്ത് ലാബ് രണ്ടാം നില ഉദ്ഘാടനം

കണ്ണൂർ : കണ്ണൂർ റീജ്യണൽ പബ്ലിക് ഹെൽത്ത് ലാബിന്റെ രണ്ടാം നില ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. 2019-20 വർഷത്തെ കേരള ഹെൽത്ത് സർവീസ് പ്ലാൻ ഫണ്ടിൽ നിന്നുള്ള 64.10 ലക്ഷം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് രണ്ടാം നില നിർമ്മിച്ചത്. ഇവിടെ സൈറ്റോളജി ലാബ് തുടങ്ങുകയാണ് ലക്ഷ്യം. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ, ഡി.എം.ഒ ഡോ: നാരായണ നായ്ക്, ഡി.പി.എം ഡോ: പി.കെ. അനിൽകുമാർ, മറ്റ് ഉദ്യോഗസ്ഥർ, ലാബ് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.
2011ൽ ആരംഭിച്ച ലാബിൽ സാധാരണ ബയോകെമിസ്ട്രി, ഹെമറ്റോളജി പരിശോധനകൾക്ക് പുറമെ സാംക്രമിക രോഗങ്ങൾക്കുള്ള എലിസ, ആർ ടി പി സി ആർ ടെസ്റ്റുകൾ, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ നിന്നുള്ള നവജാത ശിശുക്കളുടെ രക്തസാമ്പിളുകളുടെ പരിശോധന, ഐ.ജി.ആർ.എ, കൾച്ചർ ആന്റ് സെൻസിറ്റിവിറ്റി പരിശോധന എന്നിവ ചെയ്യുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ നിന്നുള്ള ബി.പി.എൽ കാർഡുള്ള രോഗികൾ, 18 വയസിന് താഴെയുള്ള കുട്ടികൾ എന്നിവർക്ക് പരിശോധനകൾ സൗജന്യമാണ്. സ്വകാര്യ ലാബുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ ദിവസം ശരാശരി 950 പരിശോധനകൾ വരെ ഇവിടെ ചെയ്യുന്നു.