സി.ബി.എസ്.ഇ. പരീക്ഷാഫലം: 10, 12 പുനര്‍മൂല്യ നിര്‍ണയത്തിന് ചൊവ്വാഴ്ച മുതല്‍ അപേക്ഷിക്കാം

സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള പുനര്‍മൂല്യനിര്‍ണയത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. സി.ബി.എസ്.ഇ. വെബ്‌സൈറ്റിലൂടെ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസും ഓണ്‍ലൈനായി അടയ്ക്കണം. ടേം രണ്ട് പരീക്ഷാഫലം മാത്രമാണ് പുനര്‍മൂല്യനിര്‍ണയത്തിന് വിധേയമാക്കുക. ഒരു മാര്‍ക്ക് വ്യത്യാസം വന്നാല്‍ പോലും പുതിയ മാര്‍ക്ക് പട്ടിക നല്‍കും.
ഇതിന് ഓരോ വിഷയത്തിനും പത്താം ക്ലാസിന് 500 രൂപയും പന്ത്രണ്ടാം ക്ലാസിന് 700 രൂപയും വീതമാണ് ഫീസ്. തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ വീണ്ടും മൂല്യനിര്‍ണയം നടത്തുന്നതിനുള്ള അപേക്ഷ ഓഗസ്റ്റ് 13, 14 തീയതികളില്‍ സമര്‍പ്പിക്കാം. ഓരോ ചോദ്യത്തിനും 100 രൂപവീതമാണ് ഫീസ്. മൂല്യനിര്‍ണയത്തിന് സി.ബി.എസ്.ഇ. സ്വീകരിച്ച മാനദണ്ഡങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഇതുകൂടി പരിശോധിച്ചുവേണം പുനര്‍മൂല്യനിര്‍ണത്തിന് അപേക്ഷിക്കേണ്ടത്.
സി.ബി.എസ്.ഇ. മാർക്ക് നിർണയം ഇങ്ങനെ
പത്ത്, പന്ത്രണ്ട് പരീക്ഷകളുടെ മാർക്ക് നിർണയത്തിന്റെ വിശദാംശങ്ങൾ സി.ബി.എസ്.ഇ. പ്രസിദ്ധപ്പെടുത്തി. രണ്ടു ടേം പരീക്ഷകളുടെയും മാർക്ക് ഇരട്ടിയാക്കിയശേഷം ആദ്യ ടേമിന്റെ 30 ശതമാനവും രണ്ടാം ടേമിന്റെ 70 ശതമാനവും എടുത്ത് ഇതിനൊപ്പം ഇരു ടേമുകളിലെയും പ്രാക്ടിക്കലിന്റെ മാർക്ക് കൂടി ചേർത്താണ് അന്തിമ മാർക്കു പട്ടിക തയ്യാറാക്കിയത്.
ഉദാഹരണം: പത്താം ക്ലാസിൽ രണ്ടു ടേം പരീക്ഷകളിലും പരമാവധി മാർക്ക് 40 ആയിരുന്നു. പ്രാക്ടിക്കലിന്റെ മാർക്ക് പരമാവധി 20. ഇതിൽ ആദ്യ ടേമിൽ 30, രണ്ടാം ടേമിൽ 20 എന്നിങ്ങനെ മാർക്ക് കിട്ടിയ കുട്ടിക്ക് പ്രാക്ടിക്കലിന് 17 മാർക്കും ആണെങ്കിൽ ഫലനിർണയം ഇങ്ങനെ. ആദ്യ ടേമിൽ കിട്ടിയ 30 മാർക്കിന്റെ ഇരട്ടിയായ 60-ന്റെ 30 ശതമാനം = 18. രണ്ടാം ടേമിൽ കിട്ടിയ 20 മാർക്കിന്റെ ഇരട്ടിയായ 40-ന്റെ 70 ശതമാനം = 28. രണ്ടും കൂട്ടിക്കിട്ടിയ 46-നൊപ്പം പ്രാക്ടിക്കൽ മാർക്കായ 17 ചേർക്കുമ്പോൾ ആകെ 63 മാർക്ക്.