ആൽബർട്ട് ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിംഗ് , മൈക്കലാഞ്ചലോ, ഐസക് ന്യൂട്ടൺ.. ലോക പ്രശസ്തരായ ഇവരെല്ലാം തമ്മിൽ ഒരു സാമ്യമുണ്ടായിരുന്നു. സ്വന്തം മേഖലയിൽ അഗ്രഗണ്യരായ ഇവരെല്ലാം ഓട്ടിസം എന്ന അവസ്ഥയുള്ളവരായിരുന്നു. പരിമിതികളിൽ തളയ്ക്കപ്പെടാതെ പറന്നുയർന്ന് ആകാശം കീഴടക്കാം എന്നുള്ള സന്ദേശം നൽകിയവരാണ്. ഓട്ടിസം എന്നുള്ളത് ഒരു വൈകല്യമല്ല മറിച്ച് വ്യത്യസ്ത കഴിവുകൾ അവർക്കുണ്ടെന്ന് തെളിയിക്കാനാണ് ദി ആർട്ടിസം സ്റ്റുഡിയോ എന്ന പുതിയ ആശയം തലസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തെ ആദ്യ സ്ഥാപനമാണിത്. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് അവരുടെ ഉള്ളിലെ കഴിവ് വികസിപ്പിച്ചെടുത്ത് സ്വയം പ്രാപ്തരാകാനും അതിലൂടെ പുതിയ ജീവിതവും ലഭിക്കാനും ഇത് സഹായകമാകും. തിരഞ്ഞെടുത്ത കുട്ടികൾക്കാണ് ഇവിടെ പരീശിലനം നൽകുന്നത്. ടെക്നോപാർക്കിന്റെ സ്ഥാപക സി.ഇ.ഒ.യായിരുന്ന,നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹീയറിംഗിന്റെ (നിഷ്) സ്ഥാപക ഡയറകക്ടറുമായിരുന്ന ജി. വിജയരാഘവനാണ് സ്ഥാപനത്തിന്റെ ഓണററി ഡയറക്ടർ. അദ്ദേഹത്തിന്റെ തന്നെ പി.എം.ജി.യിലും ശാസ്തമംലഗത്തുമുള്ള രണ്ട് ഓട്ടിസം സ്കൂളിന് പുറമേയാണ് ആർട്ടിസം സെന്റർ. ആർട്ടും ഓട്ടിസവും സംയോജിപ്പിച്ചാണ് ആർട്ടിസം എന്ന പേര് സ്ഥാപനത്തിന് നൽകിയത്.
ആർട്ടിസം എന്ന ആശയം
ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ഒരു പ്രായ പരിധി കഴിഞ്ഞാൽ ജോലി ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കുട്ടികൾക്ക് ഒരു ജോലി ഒരു വരുമാനം പുതിയ ജീവിതം എന്ന ചിന്തയാണ് ജി.വിജയരാഘവന് ആർട്ടിസം എന്ന ആശയം ആരംഭിക്കാൻ പ്രേരണയായത്.കാലിഫോർണിയയിലും സിംഗപ്പൂരിലും ഇത്തരം സ്ഥാപനങ്ങളുണ്ട് അതിനെ പറ്റി കൂടുതൽ അന്വേഷിച്ച് പഠനം നടത്തിയാണ് ഈ ആശയംഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നത്.
പുതിയ ലോകം
തിരുവനന്തപുരം വഴുതക്കാട് ജഗതി റോഡിൽ സ്ഥിതി ചെയ്യുന്ന 130 വർഷം പഴക്കമുള്ള ശ്രീരംഗമാണ് ആർട്ടിസം സ്റ്റുഡിയോയായി മാറിയത്. വരവേൽക്കുന്നതു തന്നെ പ്രകൃതിയുടെ നടുവിൽ ഒരു പൈതൃക കെട്ടിടം. അതിനകത്തു കയറിയാൽ പുറത്തെ തിരക്കുകൾക്ക് പകരം ഉള്ളിലുള്ള കാറ്റും കിളികളുടെ ശബ്ദവും മാത്രമാണ്. പഠനാന്തരീക്ഷത്തിനപ്പറുമുള്ള വിശാലത.
ആർട്ടിസത്തിൽ നേരിട്ട് കുട്ടികൾക്ക് അഡ്മിഷൻ എടുക്കുവാൻ സാധിക്കില്ല. ശാസ്തമംഗലത്തുള്ള കേഡർ ഓട്ടിസം സ്കുളിലാണ് അഡ്മിഷൻ എടുക്കേണ്ടത്.ഇവിടെ പത്തു വയസ് കഴിഞ്ഞ ഓട്ടിസം ബാധിച്ചവർക്കാണ് വിദ്യാഭ്യാസവും മറ്റും നൽകുന്നത്. ഇതിന്റെ തന്നെ ശാഖയായ പി.എം.ജി.യിലെ ഓട്ടിസം സ്കൂളിൽ രണ്ട് വയസ് മുതൽ ഒൻപത് വയസുവരെയുള്ള കുട്ടികളെയാണ് പഠിപ്പിക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 18 വയസ് കഴിഞ്ഞ കുട്ടികൾക്കാണ് ആർട്ടിസം സ്റ്റുഡിയോയിൽ പരിശീലനം നൽകുന്നത്. സാധാരണ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് മറ്റ് ജോലികൾ ചെയ്യാനാകും. എന്നാൽ ഇതൊന്നും സാധിക്കാത്ത കുട്ടികൾക്കാണ് ഇവിടെ പരിശീലനം നൽകുന്നത്.
തുടക്കമെന്ന നിലയിൽ ചിത്രംവര, ക്രാഫ്റ്റ്സ് ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്നത്, ഹോട്ടൽ മാനേജ്മെന്റ് എന്നിവയ്ക്കാണ് കുട്ടികൾക്ക് ഇവിടെ പരിശീലനം നൽകുന്നത്. ഇപ്പോൾ ശാസ്തമംഗലം സ്കൂളിൽ നിന്നുള്ള നാല് കുട്ടികൾ ആദ്യ ബാച്ച് എന്ന നിലയിൽ പരിശീലനം നടത്തുന്നുണ്ട്. കുട്ടികളുടെ ആഗ്രഹത്തിനും അഭിരുചിക്കുമനുസരിച്ചാണ് അവർക്ക് പരിശീലനം നൽകുന്നത്. പരിശീലനം നേടി സ്വയം തൊഴിൽ കണ്ടെത്തിയാൽ അവരുടെ ഉത്പന്നങ്ങൾ വിൽക്കാനും പ്രദർശിപ്പിക്കാനുമുള്ള അവസരവും ആർട്ടിസം സ്റ്റുഡിയോ നൽകും.
പരിശീലനത്തിന് ഒടുവിൽ അവർ അവരുടേതായ കഴിവിൽ പ്രാഗൽഭ്യം തെളിയിക്കുമെന്ന് ഉറപ്പാണെന്ന് ഓണററി ഡയറക്ടർ ജി. വിജയരാഘവൻ പറഞ്ഞു. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ഇനി അവരുടെ കഴിവിൽ മുന്നേറാൻ സഹായിക്കുന്ന കേന്ദ്രമായി മാറാനൊരുങ്ങുകയാണ് ആർട്ടിസം സ്റ്റുഡിയോ.