വിപണിയിൽ മായംചേർത്ത വെളിച്ചെണ്ണ; ഓണം കണക്കാക്കി മുന്നറിയിപ്പ്

ഓണക്കാലത്തെ കൊള്ളലാഭം കണക്കാക്കി മായംചേർത്ത വെളിച്ചെണ്ണ വ്യാപകമായി വിപണിയിലിറങ്ങാൻ സാധ്യതയുണ്ടെന്ന് കേരഫെഡിന്റെ മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, കാങ്കയം, പൊള്ളാച്ചി എന്നിവിടങ്ങളിൽനിന്ന് മായംകലർത്തിയ വെളിച്ചെണ്ണ ടാങ്കറിലാക്കി വിപണിയിലിറക്കാൻ പദ്ധതിയുണ്ടെന്ന വിവരം ലഭിച്ചതായി കേരഫെഡ് എം.ഡി. ആർ. അശോക് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് കത്തയച്ചു.
ഭക്ഷ്യ എണ്ണകൾക്ക് കിലോക്ക് 15-20 രൂപ വിലകുറയ്ക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം മുതലെടുത്ത് വ്യാജ വെളിച്ചെണ്ണലോബി കേരളത്തെ ലക്ഷ്യംവെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകളെ നിയോഗിക്കുക, വെളിച്ചെണ്ണയുടെ ബ്രാൻഡ് രജിസ്‌ട്രേഷൻ സങ്കീർണമാക്കുക, അതിർത്തികളിലും ബ്രാൻഡുകളിലും കർശനമായ ഗുണനിലവാരപരിശോധന തുടങ്ങിയ നടപടികളെടുക്കാനാണ് ആവശ്യം.