കവ്വായി കായലിൽ പരിശീലനം; ഏഷ്യൻ ഗെയിംസ് യോഗ്യതാ റൗണ്ടിലേക്ക് അദ്വൈത്

പയ്യന്നൂർ : സെയിലിങ്ങിൽ കവ്വായി കായലിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി പയ്യന്നൂരിൽ പരിശീലിച്ച അദ്വൈത് പി. മേനോൻ ഏഷ്യൻ ഗെയിംസ് യോഗ്യതാ റൗണ്ടിലേക്ക് കടന്നു. കഴിഞ്ഞയാഴ്ച നടന്ന ഹൈദരാബാദ് സെയിലിങ് വീക്കിൽ വെള്ളി മെഡൽ നേടിയാണ് ആലപ്പുഴ സ്വദേശിയായ അദ്വൈത് ഏഷ്യൻ ഗെയിംസ് യോഗ്യതാ റൗണ്ടിലേക്കുള്ള നേട്ടം സ്വന്തമാക്കിയത്.
കവ്വായി കായലിൽ ഒന്നരമാസം നീണ്ട പരിശീലനത്തിനുശേഷമാണ് അദ്വൈത് ഹൈദരാബാദ് സെയിലിങ് വീക്കിൽ പങ്കെടുത്തത്. ഭോപാലിലെ നാഷണൽ സെയിലിങ് സ്‌കൂൾ ആദ്യ കോച്ചും റിട്ട. സുബേദാർ മേജറുമായ കുഞ്ഞിമംഗലം തെക്കുമ്പാട് സ്വദേശി പുതുവക്കൽ മധുവിന്റെ ശിക്ഷണത്തിലാണ് അദ്വൈത് പരിശീലനം നടത്തിയത്. ഏഷ്യൻ ഗെയിംസ് ലക്ഷ്യമിട്ട് പരിശീലനം തുടരുകയാണ് അദ്വൈത്.
36-ാമത് ഹൈദരാബാദ് സെയിലിങ് വീക്കിലെ യൂത്ത് വിഭാഗത്തിലാണ് 16 വയസ്സുള്ള അദ്വൈത് മെഡൽ നേടിയത്. നാവികസേനാ ക്യാപ്റ്റനായ പ്രശാന്ത് മേനോന്റെയും അഖില മേനോന്റെയും മകനാണ്. കോച്ച് പുതുവക്കൽ മധുവിന്റെ കുഞ്ഞിമംഗലത്തെ വീട്ടിൽ താമസിച്ചാണ് അദ്വൈത് ഒന്നരമാസത്തോളം കവ്വായി കായലിൽ പരീശീലനം നടത്തിയത്.