കല്യാശ്ശേരിയിൽ രാജ്യാന്തര ഇലക്ട്രോണിക്സ് വിപ്ലവം

Share our post

കല്യാശ്ശേരി : ഇലക്ട്രോണിക്സ് രംഗത്ത് രാജ്യാന്തര നിലവാരത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങളുമായി മുന്നോട്ടു കുതിക്കുകയാണ് മാങ്ങാട്ടുപറമ്പ് കെൽട്രോൺ കംപോണന്റ് കോംപ്ലക്സിലെ കെ.പി.പി.നമ്പ്യാർ സ്മാരക ഇലക്ട്രോണിക്സ് ഗവേഷണ കേന്ദ്രം. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ഡിപ്പാർട്മെന്റ് ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ അംഗീകാരം കൂടി ലഭിച്ചതോടെ രാജ്യത്തെ പ്രധാന ഗവേഷണ കേന്ദ്രങ്ങളുടെ നിരയിലേക്ക് ഈ കേന്ദ്രം ഉയർന്നു.

വിക്രം സാരാഭായ് സ്പേസ് സെന്റർ, നേവൽ മെറ്റീരിയൽ റിസർച് ലബോറട്ടറി, സെന്റർ ഫോർ മെറ്റീരിയൽ ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി എന്നീ സ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നതിനാൽ രാജ്യത്തിനു ഗുണകരമായ ഒട്ടേറെ ഉൽപന്നങ്ങളുടെ ഗവേഷണങ്ങളുടെ ഭാഗമാകാൻ ഇവർക്ക് കഴിഞ്ഞു. ഇലക്ട്രോണിക്സ് ഡിസൈൻ ആൻഡ് ടെസ്റ്റ് വിഭാഗത്തിൽ 3 പ്രധാന ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു.

ആഗോള വിപണിയിലെ വെല്ലുവിളി നേരിടാവുന്ന തരത്തിലുള്ള കണ്ടെത്തലുകൾ, ഉൽപന്നങ്ങളുടെ രൂപമാറ്റം, കാര്യക്ഷമത എന്നിവയെല്ലാം ഉറപ്പാക്കാനുള്ള ഗവേഷണ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഗവേഷണത്തിനു മാത്രമല്ല, ആശയ കൈമാറ്റത്തിനുമുള്ള വേദിയായും സെന്റർ മാറിക്കഴിഞ്ഞു. ഇതിന്റെ തുടർച്ചയാണ് രാജ്യത്തെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂർ കെൽട്രോണിൽ സ്ഥാപിക്കുന്നത്. വിക്രം സാരാഭായ് സ്പേസ് സെന്ററുമായി ചേർന്നു നടത്തിയ വർഷങ്ങളായുള്ള ഗവേഷണ ഫലം കൂടിയാണ് സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം.

കെൽട്രോൺ സ്ഥാപക ചെയർമാനും പ്രമുഖ ടെക്നോക്രാറ്റുമായ കെ.പി.പി.നമ്പ്യാരുടെ ജീവിതവും ഇലക്ട്രോണിക്സ് രംഗത്തെ നേട്ടങ്ങളുമായി ബന്ധപ്പെട്ട മ്യൂസിയവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ സർവകലാശാലകളുമായി സഹകരിച്ച് ഇലക്ട്രോണിക്സ് നോളജ് സെന്ററായി കെൽട്രോൺ മാറണമെന്നതായിരുന്നു കെ.പി.പി.നമ്പ്യാരുടെ സ്വപ്നം. സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നിർമിച്ച കേന്ദ്രം കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

ശിൽപി ഉണ്ണി കാനായി നിർമിച്ച കെ.പി.പി.നമ്പ്യാരുടെ 7 അടി ഉയരമുള്ള പൂർണകായ പ്രതിമയും ഇവിടെയെത്തുന്നവരെ ആകർഷിക്കുന്നു. ഇലക്ട്രോണിക്സ് മേഖലയിലെ ആശയ കൈമാറ്റത്തിനും ശാസ്ത്ര സാങ്കേതിക രംഗത്തെ സംശയദൂരീ കരണത്തിനുമായി ആംഫി തിയറ്ററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!