വൈദ്യുതി ബിൽ അടക്കുന്നത് ഓൺലൈനിൽ മാത്രമാക്കുന്നു

Share our post

വൈദ്യുതി ചാർജ് പൂർണമായും ഓൺലൈൻ വഴിയാക്കാൻ കെ.എസ്.ഇ.ബി. ബിൽ അടയ്ക്കാൻ ഓൺലൈൻ സംവിധാനം ഉണ്ടെങ്കിലും ഉപഭോക്താക്കൾ അത് അത്രയധികം ഉപയോഗിക്കുന്നില്ല. ഓൺലൈൻ ആയി പണം അടയ്ക്കുന്നവർ പകുതിയിൽ താഴെയാണെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തൽ.

അഞ്ഞൂറു രൂപയ്ക്കുമേൽ ബിൽ തുക ഇനി ഓൺലൈനിൽ മാത്രം സ്വീകരിക്കാനുള്ള നിർദേശമാണ് ബോർഡ് നൽകിയിട്ടുള്ളത്. അഞ്ഞൂറു രൂപയിൽ കൂടുതലുള്ള ബിൽ തുക അടയ്ക്കാൻ വരുന്നവർക്ക് ഓഫീസിൽനിന്നുതന്നെ ബോധവത്‌കരണം നടത്തും. അവരെ അവിടെവെച്ചുതന്നെ ഓൺലൈൻ സംവിധാനം മനസ്സിലാക്കി അതിലേക്ക് മാറ്റും. നിശ്ചിത തുകയിൽ കൂടുതൽ കാഷ് കൗണ്ടറിൽനിന്ന് സ്വീകരിക്കുന്നത് ഒറ്റയടിക്ക് നിർത്തില്ല. രണ്ടുമൂന്ന് ബില്ലിങ് തവണ കൂടി ഇതു തുടരും. അതിനുശേഷം പൂർണമായും നിർത്തും.

കാഷ് കൗണ്ടറിലൂടെയുള്ള എല്ലാ പണമിടപാടുകളും ഓൺലൈനാക്കി മാറ്റുന്നതിനുള്ള ബോധവത്‌കരണം നടത്താനും എല്ലാ സെക്ഷൻ ഓഫീസുകൾക്കും നിർദേശം നൽകിയിരിക്കുകയാണ്. ഇതോടെ വൈദ്യുതി ബോർഡ് ഇക്കാലമത്രയും ജനങ്ങളുമായി ബന്ധപ്പെട്ടുവന്ന കാഷ് കൗണ്ടർ ക്രമേണ ഇല്ലാതാവും. കാഷ്യർമാരെ പുനർവിന്യസിക്കേണ്ടതായും വരും.

കെ.എസ്.ഇ.ബി.യിലെ ആളെണ്ണം കുറയ്ക്കുന്നതിന് നടപടി വേണമെന്ന് െറഗുലേറ്ററി കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സെക്ഷൻ ഓഫീസുകളിൽ രണ്ട് കാഷ് കൗണ്ടറുകൾ പ്രവർത്തിച്ചിരുന്നു. അത് നിർത്തലാക്കിയ ശേഷം കൂടുതൽ ഉപഭോക്താക്കളുള്ളിടത്ത് രണ്ട് ഷിഫ്റ്റുകൾ നടപ്പാക്കി. പുതിയ നിർദേശം നടപ്പാക്കുന്നതോടെ എല്ലായിടത്തും ആദ്യം ഒറ്റ ഷിഫ്റ്റിലേക്ക് മാറും. ബാക്കിയുള്ളവരെ മറ്റ് തസ്തികകളിലേക്ക് പുനർവിന്യസിക്കും. കൂടുതൽ സേവനങ്ങൾ ഓൺലൈൻ ആകുന്നതോടെ പ്രധാന തൊഴിൽദാതാവായിരുന്ന കെ.എസ്.ഇ.ബി.യിൽ നിയമനങ്ങൾ നന്നെ കുറയും.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!