ആഫ്രിക്കന്‍ പന്നിപ്പനി: പന്നികളെ കൂട്ടത്തോടെ കൊല്ലും; നഷ്ടപരിഹാരം ഇങ്ങനെ

സംസ്ഥാനത്ത് ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലെ രണ്ടു ഫാമുകള്‍ക്കും ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പന്നികളെ കൊന്നൊടുക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലെ ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്‍ ജോയന്റ് ഡയറക്ടര്‍ ഡോ. ബേബി കുര്യാക്കോസ് പറഞ്ഞു.
ഇന്‍ഷുറന്‍സ് കമ്പനിക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചതുടങ്ങിയിട്ടുണ്ട്. ഒരെണ്ണത്തിന് ബാധിച്ചാല്‍ എല്ലാത്തിനെയും കൊല്ലേണ്ടിവരുന്നതിനാല്‍ ഭീമമായ നഷ്ടപരിഹാരം കര്‍ഷര്‍ക്ക് നല്‍കേണ്ടിവരും. മൃഗരോഗനിയന്ത്രണത്തിന് സംസ്ഥാനത്തിനുള്ള സഹായപദ്ധതിപ്രകാരം നഷ്ടപരിഹാരം നല്‍കണമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
നഷ്ടപരിഹാരം ഇങ്ങനെയാണ്:
പന്നിക്കുട്ടി(15 കിലോവരെ) – 2200 രൂപ
15-40 കിലോവരെ – 5800 രൂപ
മുതിര്‍ന്നത് (100 കിലോവര) – 15000 രൂപ
ഇതില്‍ 50 ശതമാനം തുക മാത്രമേ കേന്ദ്രം നല്‍കൂ. 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും. ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ നല്‍കിയാല്‍ പിന്നെ നഷ്ടപരിഹാരം ലഭിക്കില്ല. ഏതെങ്കിലും ഒന്നുമാത്രമേ ലഭിക്കൂ. 2014 മുതല്‍ പക്ഷിപ്പനി ബാധിച്ച് താറാവുകളെ കൊന്ന വകയിലുള്ള നഷ്ടപരിഹാരം കേന്ദ്രത്തില്‍നിന്ന് ലഭിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം പക്ഷിപ്പനി നിയന്ത്രണപ്രകാരം താറാവുകളെ കൊന്നതില്‍ 3,92,000 രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ നല്‍കിയത്.
രോഗത്തിനെതിരേ മറ്റു പ്രതിരോധമാര്‍ഗങ്ങളോ വാക്‌സിനോ ഇല്ല.
സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും പന്നികളെ കൊണ്ടുപോകുന്നതിന് നിരോധനമേര്‍പ്പെടുത്തി. എല്ലാ അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും. കാട്ടുപന്നികള്‍ അസ്വാഭാവികസാഹചര്യത്തില്‍ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വനംവകുപ്പിനെ അറിയിക്കണം.