പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Share our post

വടകര : വാഹന അപകടവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. പൊലീസിന്റെ മര്‍ദ്ദനമേറ്റതാണ് മരണകാരണമെന്നാണ്  സുഹൃത്തുക്കളുടെ പരാതി. പൊന്‍മേരി പറമ്പ് കല്ലേരിയിലെ താഴെ കൊലോത്ത് സജീവന്‍ (41) ആണ് മരിച്ചത്.

സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ പെരുവാട്ടും താഴ ജംഗ്ഷനിലായിരുന്നു അപകടം. ഇരുകാറിലെയും യാത്രക്കാര്‍ തമ്മില്‍ സംഭവം പറഞ്ഞുതീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്ഥലത്തെത്തിയ പൊലീസ് ഇവരോട് വാഹനം പൊലീസ് സ്‌റേഷനിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.

 സ്റ്റേഷനില്‍ എത്തിയ സജീവനെ അകാരണമായി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌.ഐ.യും മറ്റൊരു പൊലീസുകാരനും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ ആരോപണം. ഇതിനിടയില്‍ സജീവന്‍ നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെ പൊലീസ് സ്റ്റേഷനില്‍ നിന്നും സുഹൃത്തുക്കളോടൊപ്പം പുറത്തിറങ്ങിയ സജീവന്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ആംബുലന്‍സ് എത്തിച്ച് സജീവനെ വടകര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സജീവനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസിന്റെ ഭാഗത്തുനിന്നും ശ്രമം ഉണ്ടായില്ലെന്നും ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് പിടിച്ചെടുത്ത ഇവരുടെ കാര്‍ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍  അതിനും പൊലീസ് തയ്യാറായില്ലെന്ന ആക്ഷേപവുമുണ്ട്. സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കാനാണ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും തീരുമാനം. പരേതനായ കണ്ണനാണ് സജീവന്റെ അച്ഛന്‍. അമ്മ: ജാനു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!