പേരാവൂർ ആസ്പത്രിയിലെ ഓക്‌സിജൻ പ്ലാന്റ്; സ്റ്റേ നീക്കം ചെയ്ത ശേഷം സ്ഥാപിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ്
പേരാവൂർ: താലൂക്കാസ്പത്രി സ്ഥലത്ത് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി എത്രയും ഉടനെ തുടങ്ങുമെന്നും ഹൈക്കോടതിയിലെ സ്റ്റേ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചതായും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ആസ്പത്രി വികസന സമിതി യോഗ തീരുമാനം വിവരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ച സ്ഥലത്ത് തന്നെ സ്ഥാപിക്കും.പ്രസ്തുത സ്ഥലത്തിന്മേൽ സമീപ വാസികൾ ഹൈക്കോടതിയിൽ നിന്നും സമ്പാദിച്ച സ്റ്റേ നീക്കം ചെയ്യാനാവശ്യമായ നടപടികൾ ചെയ്തിട്ടുണ്ട്. എത്രയുമുടനെ സ്റ്റേ നീക്കം ചെയ്ത് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാനുള്ള നടപടിയും അന്തിമഘട്ടത്തിലാണ്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിൽ നിന്ന് ഇത് സംബന്ധിച്ച നടപടിക്രമം പൂർത്തിയാകുന്ന മുറക്ക് ചുറ്റുമതിൽ നിർമാണവും തുടങ്ങുമെന്ന് പ്രസിഡന്റ് പറഞ്ഞു.
അതേസമയം, വ്യാഴാഴ്ച ചേർന്ന ആസ്പത്രി വികസന സമിതി യോഗത്തിൽ രണ്ടംഗങ്ങൾ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ രംഗത്ത് വന്നത് രൂക്ഷമായ വാദപ്രതിവാദങ്ങൾക്കിടയാക്കി. ആസ്പത്രി വികസന സമിതിയിൽ ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. സുധാകരൻ ഇതിനെതിരെ ശക്തമായി സംസാരിക്കുകയും ഓക്‌സിജൻ പ്ലാന്റ് നിശ്ചയിച്ച സ്ഥലത്ത് തന്നെ സ്ഥാപിക്കുമെന്നും യോഗത്തിൽ അറിയിച്ചു.
